അന്തർദേശീയം

ലോകത്തെ വികസിത-വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വിടവ് വർധിക്കുന്നു : യു.എൻ റിപ്പോർട്ട്

ന്യൂയോർക്ക് : ലോകത്തെ വികസിത-വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വിടവ് മുമ്പത്തേക്കാളും അപകടകരമായ രീതിയിൽ വർധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. വികസ്വര രാജ്യങ്ങളുടെ ഉന്നമനത്തിനായി പ്രതിവർഷം നാല് ട്രില്യൺ ഡോളറിന്റെ അധിക നിക്ഷേപം ആവശ്യമാണെന്നിരിക്കെ, ധനസഹായം നൽകുന്നതിൽ ലോകശക്തികൾ പിന്നാക്കം പോകുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങൾക്കുള്ള വികസന സഹായത്തിൽ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാർഷിക ഇടിവാണിത്. അമേരിക്കയുൾപ്പെടെയുള്ള 25 ഓളം വികസിത രാജ്യങ്ങൾ സഹായധനം വെട്ടിക്കുറച്ചതാണ് ഇതിന് പ്രധാന കാരണം. വിദേശ സഹായത്തിൽ 59 ശതമാനത്തിന്റെ കുറവാണ് അമേരിക്ക മാത്രം വരുത്തിയത്. വരും വർഷങ്ങളിൽ ഇത് വീണ്ടും കുറയാനാണ് സാധ്യതയെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനരീതി സമ്പന്ന രാജ്യങ്ങൾക്ക് അനുകൂലമാണെന്ന വിമർശനവും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവർത്തിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ നയങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ, ട്രംപ് ഭരണകൂടം ഉൾപ്പെടെ ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി നികുതികൾ ദരിദ്ര രാജ്യങ്ങളുടെ കയറ്റുമതി മേഖലയെ തളർത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നികുതി ഒമ്പത് ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർധിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button