അന്തർദേശീയം

തായ്‌വാന്‍ മേഖലയില്‍ 40 ദിവസത്തേക്ക് വ്യോമപാത നിയന്ത്രണവുമായി ചൈന

ബെയ്ജിങ് : യെല്ലോ സീ, ഈസ്റ്റ് ചൈന സീ തുടങ്ങിയ സമുദ്രമേഖലയില്‍ 40 ദിവസത്തേക്ക് വ്യോമപാത നിയന്ത്രണം ഏര്‍പ്പെട്ടുത്തി ചൈന. മാര്‍ച്ച് 27 മുതല്‍ മെയ് 6 വരെ നീളുന്ന ദീര്‍ഘകാല നിയന്ത്രണം ആഗോളതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട ദീര്‍ഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നുള്ള ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. തായ്‌വാനേക്കാള്‍ വലിയ വിസ്തൃതിയുള്ള പ്രദേശത്ത് നടപ്പാക്കിയിട്ടുള്ള നിയന്ത്രണം സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഉയരുന്ന വാദം. ഷാങ്ഹായുടെ വടക്കും തെക്കും ഉള്ള തീരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിയന്ത്രണ മേഖലയിലുള്‍പ്പെടുന്നു.

മേഖലയില്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ‘നോട്ടാം’ ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല. വാണിജ്യ വിമാനങ്ങള്‍ക്ക് ഇപ്പോഴും ഈ പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ അനുവാദമുണ്ട്, എന്നാല്‍ ചൈനീസ് അധികൃതരുമായി കൃത്യമായ വിവരങ്ങള്‍ പങ്കുവച്ചാണ് പാതയിലൂടെ സഞ്ചരിക്കേണ്ടത്. അതേസമയം, മുന്നറിയിപ്പിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ള പരിധിയില്ലാത്ത ഉയരവും 40 ദിവസത്തെ കാലയളവും ഒരു ഹ്രസ്വകാല അഭ്യാസത്തിന് പകരം മേഖലയില്‍ സ്ഥിരമായ ഒരു മേധാവിത്വം കൈവരിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധരുടെ വാദം. ആഗോള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന അതേ സമയത്താണ് നിയന്ത്രണം. നിയന്ത്രണം നടപ്പാക്കിയിരിക്കുന്ന മേഖല വലിയ സംഘര്‍ഷ സാഹചര്യങ്ങളില്‍ ആവശ്യമായി വന്നേക്കാവുന്ന വ്യോമാക്രമണ തന്ത്രങ്ങള്‍ പരിശീലിക്കാന്‍ കഴിയുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.

ഇറാനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ അമേരിക്കയുടെ ശ്രദ്ധ നിലവില്‍ പശ്ചിമേഷ്യയിലാണ്. ഈ സാഹചര്യം ചൈന മുതലെടുക്കുകയാണെന്ന് തായ്‌വാന്‍ കണക്കുകൂട്ടുന്നത്. ഈ വ്യോമപാത നിയന്ത്രണം മേഖലയിലെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠ അയല്‍രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button