യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് പോയ പന്ത്രണ്ട് ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ ലോറിയടക്കം മോഷണം പോയി

മിലാൻ : നെസ്‌ലെയുടെ പന്ത്രണ്ട് ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയി. ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് വഴിമധ്യേ കാണാതായത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് കമ്പനി അറിയിച്ചു.

വാഹനവും അതിലെ ചരക്കും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ഈ ആഴ്ച ആദ്യമാണ് മോഷണം നടന്നതെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലെ വിവിധ വിപണികളിൽ വിൽക്കാൻ എത്തിച്ചവയായിരുന്നു ഈ ചോക്ലേറ്റുകൾ.

സംഭവം പുറത്തറിഞ്ഞതോടെ വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കിറ്റ്കാറ്റിന്റെ പ്രസിദ്ധമായ “Have a Break” എന്ന പരസ്യവാചകം മോഷ്ടാക്കൾ അക്ഷരാർത്ഥത്തിൽ എടുത്തു എന്നാണ് പലരും പരിഹസിക്കുന്നത്. “ഇത്രയും അധികം ചോക്ലേറ്റ് മോഷ്ടിച്ചിട്ട് എന്ത് ചെയ്യാനാണ്?”, “ഇത് വേറൊരു തലത്തിലുള്ള മോഷണം തന്നെ” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ യൂറോപ്പിലെ അനധികൃത വിപണികളിൽ എത്താൻ സാധ്യതയുണ്ടെന്ന് നെസ്‌ലെ മുന്നറിയിപ്പ് നൽകി. എങ്കിലും, ഓരോ ബാറിലും സവിശേഷമായ ബാച്ച് കോഡുകൾ ഉള്ളതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. മോഷ്ടിക്കപ്പെട്ട ബാച്ചിൽപ്പെട്ട ഉൽപ്പന്നമാണോ ഇതെന്ന് ഉപഭോക്താക്കൾക്കും ചില്ലറ വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും പാക്കേജിംഗിൽ അച്ചടിച്ചിരിക്കുന്ന കോഡ് സ്കാൻ ചെയ്തുകൊണ്ട് പരിശോധിക്കാമെന്ന് കിറ്റ്കാറ്റ് വക്താവ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button