പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും യുഎസ്

വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും യുഎസ്. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ ഇറാൻ പ്രതിനിധികളിൽ തനിക്ക് വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ ആരെയും വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ “ശരിയായ ആളുകളുമായാണ്” ചർച്ചകൾ നടക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, “ഇനി കണ്ണിന് പകരം കണ്ണെന്ന രീതിയിലാവില്ല പ്രതികാരം, മറിച്ച് കണ്ണിന് പകരം തല എന്ന രീതിയിലായിരിക്കും ചിലപ്പോൾ അതിൽ അമേരിക്ക തളർന്നുപോയേക്കാം” -ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മുൻ തലവനും നിലവിൽ സുപ്രീം ലീഡറുടെ സൈനിക ഉപദേഷ്ടാവുമായ മുഹ്സിൻ റസാ പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 ഇന സമാധാന പദ്ധതിയാണ് ട്രംപ് മുന്നോട്ട് വെച്ചത്.
പ്രധാനപ്പെട്ട നിർദേശങ്ങളിൽ ചിലത് ഇങ്ങനെ
ആണവ പദ്ധതികൾ നിർത്തലാക്കൽ: ഇറാന്റെ കൈവശമുള്ള എല്ലാ ആണവ സാമഗ്രികളും നശിപ്പിക്കുകയും യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കുകയും വേണം.
യുറേനിയം നീക്കം ചെയ്യുക: നിലവിൽ ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണം.
ബാലിസ്റ്റിക് മിസൈൽ നിയന്ത്രണം: ഇറാന്റെ മിസൈൽ പരീക്ഷണങ്ങൾക്കും വികസനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തും.
ഹോർമുസ് കടലിടുക്ക്: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം. ഈ പ്രദേശം ഒരു സ്വതന്ത്ര മേഖലയായി (Free maritime zone) പ്രഖ്യാപിക്കണം.
പ്രോക്സി ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തുക: ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക-സൈനിക സഹായങ്ങൾ ഇറാൻ അവസാനിപ്പിക്കണം.
വെടിനിർത്തൽ: കരാർ ചർച്ചകൾ പൂർത്തിയാക്കാൻ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കും.
അമേരിക്കയുടെ വാഗ്ദാനങ്ങൾ: പകരമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാനും, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള (Civilian nuclear energy) ആണവ നിലയങ്ങൾ നിർമ്മിക്കാൻ സഹായിക്കാനും അമേരിക്ക തയ്യാറായേക്കും.
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ (JD Vance) മുഖ്യ മധ്യസ്ഥനായി കാണാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ



