അമേരിക്കൻ എംബസിയുടെ ജനറേറ്ററുകൾക്കായി ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ നിരസിച്ച് ക്യൂബൻ സർക്കാർ

ഹവാന : ക്യൂബയിലെ അമേരിക്കൻ എംബസിയുടെ ജനറേറ്ററുകൾക്കായി ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ക്യൂബൻ സർക്കാർ നിരസിച്ചു. യുഎസിൽ നിന്ന് 2 കണ്ടെയ്നർ ഡീസൽ ഇറക്കുമതി ചെയ്യാനാണു എംബസി അനുമതി തേടിയത്. എംബസിയുടെ ആവശ്യം ക്യൂബൻ സർക്കാർ ആദ്യം എതിർത്തിരുന്നില്ല. എന്നാൽ ഇന്ധനം എത്തിയതോടെ ആവശ്യം തള്ളി. യുഎസിന്റെ അഭ്യർഥനയെ ‘നാണംകെട്ടത്’ എന്ന് ക്യൂബൻ സർക്കാർ വിശേഷിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
യുഎസിന്റെ ഊർജ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി കടുത്തപ്രതിസന്ധി നേരിടുകയാണു ക്യൂബ. പ്രകൃതിവാതകം, സൗരോർജം, താപവൈദ്യുത നിലയം എന്നിവയെയാണു രാജ്യം ആശ്രയിക്കുന്നത്. ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള അനുമതി ക്യൂബൻ സർക്കാർ നിഷേധിച്ചതോടെ എംബസിയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വരും. ഇന്ധനം ലാഭിക്കുന്നതിനായി എംബസിയിലെ ജീവനക്കാരുടെ താമസം ഒരുസ്ഥലത്താക്കി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂബൻ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ക്ഷേമത്തെയും തകർക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ഊർജ ഉപരോധം ഏർപ്പെടുത്തിയതെന്നു എംബസിക്ക് അയച്ച കുറിപ്പിൽ മന്ത്രാലയം അറിയിച്ചു.



