പശ്ചിമേഷ്യൻ സംഘർഷം : ആഗോള ഇന്റർനെറ്റ് ശൃംഖല ഭീഷണിയിൽ

ദുബായ് : യു.എസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോള ഇന്റർനെറ്റ് ശൃഖലയ്ക്ക് ഭീഷണിയാവുന്നു. നിർണായകമായ ഇന്റർനെറ്റ് കേബിളുകൾ ഹോർമുസിലെ കടലിനടിയിലൂടെയാണ് കടന്നുപോവുന്നത്. ശത്രുരാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങൾ ഈ ഇന്റർനെറ്റ് കേബിളിനുനേരെ ഉണ്ടാകുമോ എന്നാണ് ആശങ്ക.
ഹോർമുസ് കടലിടുക്കിലുടനീളം ഇറാൻ കടൽമൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭീഷണി കാരണം കപ്പൽ ഗതാഗതം പൂർണമായും നിർത്തിവെക്കാൻ ഷിപ്പിങ് കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്. മറ്റൊരു കപ്പൽ പാതയായ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിഭാഗങ്ങൾ വെടിയുതിർക്കാൻ തുടങ്ങിയതോടെ ആ ജലപാതയെയും അപകടമേഖലയായി മാറിയിരിക്കുന്നു.
ഈ രണ്ട് കപ്പൽ പാതകൾക്കടിയിലും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ വലിയൊരു ശൃംഖല തന്നെയുണ്ട്. ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ നേർത്ത കേബിളുകളാണ് വീഡിയോ കോളുകൾ, ഇ-മെയിലുകൾ മുതൽ ബാങ്കിങ് കൈമാറ്റങ്ങൾക്കും എ.ഐ. സേവനങ്ങൾക്കും വരെ ആവശ്യമായ ആഗോള ഇന്റർനെറ്റ് വിവരങ്ങളെല്ലാം വഹിക്കുന്നത്. ചെങ്കടലിലൂടെ 17 അന്തർവാഹിനി കേബിളുകൾ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ട്രാഫിക്കിന്റെ മുഖ്യഭാഗവും വഹിക്കുന്നത് ഈ കേബിളുകളാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കേബിളുകൾക്കും സമാനമായ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ വിദേശ ഡേറ്റാ കണക്ഷനുകൾ ഈ ലൈനുകളുമായി നേരിട്ട് ബന്ധമുള്ളവയാണ്.
ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ടെക്‌നോളജി കമ്പനികൾ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വലിയ ഡേറ്റാ സെന്ററുകൾ നിർമിക്കാൻ കോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ആ മേഖലയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടുത്ത പ്രധാന കേന്ദ്രമാക്കി മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം. ഏഷ്യയിലേയും ആഫ്രിക്കയിലേയും വിപണികളെയും ഉപയോക്താക്കളെയും ഈ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നത് സമുദ്രത്തിനടിയിലുള്ള കേബിളുകളാണ്.
നിലവിലെ സാഹചര്യത്തിൽ കേബിളുകളുടെ സുരക്ഷ ഭീഷണിയിലാണ്. രണ്ട് പാതകളും തടസ്സപ്പെട്ടിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ ഏതാണ്ട് അസാധ്യമായിരിക്കുകയാണ്. തകരാറിലായ കേബിളുകൾ ശരിയാക്കാൻ ആവശ്യമായ പ്രത്യേക കപ്പലുകൾക്ക് ഈ മേഖലയിലേക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിയില്ല. ഒരു ചെറിയ അപകടമോ മൈൻ സ്ഫോടനമോ അല്ലെങ്കിൽ ബോധപൂർവമായ കേടുപാടുകളോ ഉണ്ടായാൽ ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം ഇന്റർനെറ്റ് ബന്ധം തകരാറിലാകാൻ സാധ്യതയുണ്ട്.
2024-ൽ ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ചെങ്കടലിലെ പല കേബിളുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് വേഗത കുത്തനെ കുറയുകയും അറ്റകുറ്റപ്പണി നടത്തുന്ന കപ്പലുകൾ വിട്ടുനിന്നതിനാൽ പൂർണമായ പരിഹാരത്തിന് മാസങ്ങളെടുക്കുകയും ചെയ്തു.
ഇറാൻ കേബിളുകളെ ലക്ഷ്യംവെക്കുമോ എന്ന് വ്യക്തമല്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കടുപാടുകൾ സംഭവിച്ചാൽ അത് ഫോണുകളെയും വെബ്സൈറ്റുകളെയും മാത്രമല്ല ബാധിക്കുക. ബാങ്കുകൾ, ഓഹരി വിപണികൾ, ആശുപത്രികൾ, എ.ഐ. സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം താളംതെറ്റും. ഗൾഫ് രാജ്യങ്ങളെയായിരിക്കും ഇത് ആദ്യം ബാധിക്കുകയെങ്കിലും ഇന്ത്യയിലെ കേബിളുകൾ കാരണം ഇവിടെയും ഇന്റർനെറ്റ് വേഗത കുറയും.



