ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പിയ രണ്ട് ഇന്ത്യക്കാർക്ക് 1391 പൗണ്ട് വീതം പിഴ

ലണ്ടൻ : പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ. എഡ്ജ്വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴ ചുമത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാൻ മസാല ചവച്ചുതുപ്പിയതിന് നേരത്തേ നൂറുപൗണ്ട് വീതമാണ് (ഏകദേശം 12,371 രൂപ വീതം) ഇരുവർക്കും പിഴയായി ചുമത്തിയിരുന്നത്. എന്നാൽ, രണ്ടുപേരും ഈ തുക അടച്ചില്ലെന്നും ഇതിനാലാണ് പിഴത്തുക കൂട്ടിയതെന്നും റിപ്പോർട്ടിലുണ്ട്.
എഡ്ജ്വെയറിലെ താമസക്കാരനായ അക്ഷിത് കുമാർ പട്ടേൽ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷന് സമീപത്താണ് പാൻമസാല ചവച്ചുതുപ്പിയത്. തുടർന്ന് നോർത്ത് വെസ്റ്റ് ലണ്ടൻ മജിസ്ട്രേറ്റ് കോടതി 2025 ജൂണിൽ ഇയാൾക്ക് നൂറുപൗണ്ട് പിഴചുമത്തി. പക്ഷേ, അക്ഷിത് പട്ടേൽ കോടതിയിൽ ഹാജരാവുകയോ പിഴ അടയ്ക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് പിഴത്തുക ഉയർത്തിയത്.
വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും നൂറുപൗണ്ട് പിഴ ചുമത്തിയിരുന്നത്. എന്നാൽ, ഇയാളും പിഴ അടയ്ക്കാൻ തയ്യാറായില്ല. തുടർന്നാണ് പിഴത്തുക്ക 1391 പൗണ്ടാക്കി ഉയർത്തിയത്.
നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാൻ കറകൾ വൃത്തിയാക്കാൻ മാത്രം ബ്രെന്റ് സിറ്റി കൗൺസിൽ പ്രതിവർഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്. പൊതുസ്ഥലങ്ങളിൽ പാൻ ചവച്ചുതുപ്പുന്നതിനെതിരേ വിവിധയിടങ്ങളിൽ ബോധവത്കരണ ബാനറുകളും 100 പൗണ്ട് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും അധികൃതർ സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ പൊതുസ്ഥലം വൃത്തിഹീനമാക്കുന്നവരെ കണ്ടെത്താനായി പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.



