പശ്ചിമേഷ്യയിൽ പ്രതിസന്ധി; ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തും : വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ന് 50 സർവീസുകൾ നടത്തുമെന്ന് വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാന സർവീസുകളിൽ മാറ്റം വരുത്താൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രാ തടസങ്ങൾ നിരീക്ഷിക്കുകയാണ്. വ്യോമപാതയിലെ സുരക്ഷ പരിശോധനകൾക്ക് വിധേയമായി മാത്രമേ സർവീസുകൾ തുടരുകയുള്ളു എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മാർച്ച് 7ന് ഇന്ത്യൻ വിമാനക്കമ്പനികൾ 8175 യാത്രക്കാരുമായി 51 സർവീസുകൾ നടത്തി. മാർച്ച് 8ന് ദുബായ്, അബുദാബി, റാസൽഖൈമ, ഫുജൈറ, മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായി 49 സർവീസുകൾ നടത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകശ എയർ എന്നിവയാണ് സർവീസ് നടത്തിയത്.
മാർച്ച് 9ന് ഇന്ത്യൻ വിമാനക്കമ്പനികൾ 50 സർവീസുകൾ നടത്തും. പശ്ചിമേഷ്യയിലെ പ്രാദേശിക വിമാനത്താവളങ്ങളിലെ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച ശേഷം കൂടുതൽ സർവീസുകൾ നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



