‘സതീശന്റെ നുണകൾ’ എന്ന ഫാക്റ്റ് ചെക്ക് പേജിന് മെറ്റയുടെ വിലക്ക്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പറഞ്ഞ നുണകളും അതിന്റെ വസ്തുതയും വിവരിക്കുന്ന “സതീശന്റെ നുണകൾ’ എന്ന ഫാക്റ്റ് ചെക്ക് പേജിന് മെറ്റയുടെ വിലക്ക്. രണ്ടാഴ്ച്ച മുമ്പ് ആരംഭിച്ച പേജ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറലായിരുന്നു. പേജിന് നേരെ കോൺഗ്രസ് ഐടി സെൽ ചാറ്റ് ബോട്ട് സംഘത്തെ ഉപയോഗിച്ച് കൃത്രിമ ഫോളോവേഴ്സിനെ സൃഷ്ടിച്ച് വിശ്വാസ്യത കളയാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പേജിന്റെ അഡ്മിൻ ഈ കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടതോടെ ആ നീക്കം പാളി. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രി ഏഴോടെ പേജിന് മെറ്റ വിലക്ക് ഏർപ്പെടുത്തിയത്. കമ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പേജ് എന്നാണ് മെറ്റക്ക് ലഭിച്ച പരാതിയെന്നാണ് വിവരം. പേജ് പൂട്ടിച്ചതിന് പിന്നിൽ കനഗോലു വാടകയ്ക്ക് എടുത്ത സംഘം ആണെന്ന് ഡിവൈഎഫ്ഐയുടെ വിമർശനം .
കോൺഗ്രസിന്റെയും കനഗോലു സംഘത്തിന്റെയും കടുത്ത സൈബർ ആക്രമണമാണ് പേജിന് നേരെ ഉണ്ടായിരുന്നത്. സതീശന്റെ കാർട്ടൂൺ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചതിനെ ആൾമാറാട്ടമായി കാണുന്നെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. എന്നാൽ മെറ്റയ്ക്ക് ആൾമാറാട്ടം ചൂണ്ടിക്കാട്ടി പരാതി നൽകാൻ യഥാർഥ വ്യക്തിക്ക് മാത്രമേ പറ്റൂ. അതിനാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാതിയിൽ തന്നെയാണോ നടപടിയെന്നും സംശയമുണ്ടെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
ഈ പേജിൽ വരുന്ന വീഡിയോയുടെ ചുവട് പിടിച്ച് സതീശന്റെ നുണ പറച്ചിൽ മത്സരങ്ങൾ നടന്നിരുന്നു. തന്റെ പേരിൽ വീഡിയോ പ്രചരിക്കുന്നതിലും അത് സമൂഹമാധ്യമ പേജുകളിൽ വൈറലാകുന്നതിലും സതീശൻ ക്ഷുഭിതനായിരുന്നു. വിവിധ കാലഘട്ടങ്ങളിൽ സതീശൻ പറയുന്ന നുണകളും അതിന്റെ വസ്തുതയും പൊതുജനങ്ങളെ അറിയിക്കാനും തുടങ്ങിയ പേജ് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരലധികം പേരാണ് ഫോളോ ചെയ്തിരുന്നത്.



