ആധുനിക ഈസ്റ്റ് ഇന്ത്യ കമ്പനി സാമ്പത്തിക തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ

ലണ്ടൻ : ലണ്ടൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആധുനിക ഈസ്റ്റ് ഇന്ത്യ കമ്പനി സാമ്പത്തിക തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സംരംഭകനായ സഞ്ജീവ് മെഹ്ത 2010-ൽ ഏറ്റെടുത്ത ഈ കമ്പനി ലണ്ടൻ ആസ്ഥാനമായി ആഡംബര ചായയും ഭക്ഷണസാധനങ്ങളും വിൽക്കുന്ന സ്ഥാപനമായി മാറിയിരുന്നു. എന്നാൽ, വൻതുകയുടെ കടബാധ്യതയെത്തുടർന്ന് കമ്പനി ഇപ്പോൾ ലിക്വിഡേഷനിലേക്ക് നീങ്ങുകയും ലണ്ടനിലെ സ്റ്റോറുകൾ അടച്ചുപൂട്ടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പണ്ട് ഇന്ത്യ ഭരിച്ചിരുന്ന കമ്പനിയെ ഒരു ഇന്ത്യക്കാരൻ സ്വന്തമാക്കിയത് ചരിത്രപരമായ കൗതുകമായിരുന്നു. ശതകോടികളുടെ ബാധ്യതകളും നികുതി കുടിശ്ശികയുമാണ് ഈ രണ്ടാം തകർച്ചയ്ക്ക് കാരണമായതെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി, ആധുനിക കാലഘട്ടത്തിൽ ഒരു ലക്ഷ്വറി ബ്രാൻഡായി പുനരവതരിച്ചെങ്കിലും വീണ്ടും പാപ്പരായെന്നാണ് അന്താരാഷ്ട്ര വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അങ്ങനെ 170 വർഷങ്ങൾക്ക് ശേഷം ഈ പേര് വീണ്ടും ചരിത്രത്തിന്റെ താളുകളിലേക്ക് മറയുകയാണ്. ബ്രിട്ടീഷ്-ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മെഹ്ത 2010-ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിന്റെ അവകാശം വാങ്ങി അത് പുനരുജ്ജീവിപ്പിച്ചത്. 2000-ത്തിന്റെ തുടക്കത്തിൽ തന്നെ ഈ പേര് സ്വന്തമാക്കാനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചിരുന്നു. ഒരു ഹോൾസെയിൽ ബിസിനസ്സായി ഇത് വീണ്ടും തുടങ്ങാൻ ശ്രമിച്ച ഷെയർ ഹോൾഡർമാരിൽ നിന്നാണ് അദ്ദേഹം ഇതിന്റെ അവകാശം വാങ്ങിയത്.
2010-ൽ ലണ്ടനിലെ മെയ്‌ഫെയറിൽ ഒരു ലക്ഷ്വറി സ്റ്റോർ തുറന്നുകൊണ്ട് അദ്ദേഹം ഈ ബ്രാൻഡിനെ ഒരു ആഡംബര വസ്തുക്കളുടെ വിപണിയായി പുനരവതരിപ്പിച്ചു. ഇന്ത്യ ഭരിച്ചിരുന്ന പഴയ കമ്പനിയെ ഒരു ഇന്ത്യൻ വംശജൻ ഏറ്റെടുത്തത് ‘കോളനിവാഴ്ചയോടുള്ള പ്രതികാരം’ എന്ന നിലയിലാണ് അന്ന് വിശേഷിപ്പിക്കപ്പെട്ടത്. പഴയ ഈസ്റ്റ് ഇന്ത്യ കമ്പനി ആക്രമണത്തിലൂടെയാണ് വളർന്നതെങ്കിൽ, ഇന്നത്തെ കമ്പനി സ്‌നേഹത്തിലൂടെയും കരുണയിലൂടെയുമാണ് മുന്നോട്ട് പോകുന്നതെന്ന് സഞ്ജീവ് മെഹ്ത ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഉയർന്ന നിലവാരമുള്ള തേയില, ചോക്കലേറ്റുകൾ, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വിശിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ എന്നിവയാണ് ഈ ബ്രാൻഡിന് കീഴിൽ വിറ്റിരുന്നത്. പ്രശസ്തമായ ‘ഫോർട്ട്‌നം ആന്റ് മേസൺ’ പോലുള്ള കടകൾക്ക് സമാനമായ ഉൽപ്പന്നങ്ങളാണ് ഇവർ വിപണിയിലെത്തിച്ചത്. ഏകദേശം 10.5 കോടി രൂപയിലധികം കടബാധ്യത ഉണ്ടായതിനെ തുടർന്നാണ് കമ്പനി ഇപ്പോൾ ആസ്തികൾ വിൽക്കുന്ന നടപടിയിലേക്ക് കടന്നത്.
2025 ഒക്ടോബറിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ലിമിറ്റഡ് ലിക്വിഡേറ്റർമാരെ നിയമിച്ചത്. കമ്പനി ഇപ്പോൾ ‘ക്രെഡിറ്റേഴ്‌സ് വോളന്ററി ലിക്വിഡേഷൻ’ (creditors’ voluntary liquidation) എന്ന ഘട്ടത്തിലാണ്. ലിക്വിഡേഷൻ റിപ്പോർട്ടുകൾ പ്രകാരം കമ്പനി നൽകാനുള്ള തുകകൾ ഇത്തരത്തിലാണ്: ബ്രിട്ടീഷ് വെർജിൻ ഐലൻഡിലെ മാതൃ കമ്പനിക്ക്: 6,00,000 പൗണ്ട് (6.3 കോടി രൂപ), ബ്രിട്ടീഷ് സർക്കാരിന് നികുതിയിനത്തിൽ: 1,93,789 പൗണ്ട് (2.03 കോടി രൂപ), ജീവനക്കാർക്ക് ശമ്പളമായി: 1,63,105 പൗണ്ട് (1.71 കോടി രൂപ).
ലണ്ടനിലെ മെയ്‌ഫെയറിലുള്ള കമ്പനിയുടെ 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന സ്റ്റോർ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് വാടകയ്ക്ക് നൽകാനായി ഏജന്റുമാരെ ഏൽപ്പിച്ചിരിക്കുകയാണ്. കൂടാതെ, കമ്പനിയുടെ വെബ്‌സൈറ്റും ഇപ്പോൾ പ്രവർത്തനരഹിതമാണ്. സഞ്ജീവ് മെഹ്തയുമായി ബന്ധപ്പെട്ട ‘ഈസ്റ്റ് ഇന്ത്യ കമ്പനി കളക്ഷൻസ് ലിമിറ്റഡ്’ (East India Company Collections Limited) എന്ന അനുബന്ധ സ്ഥാപനത്തിനെതിരെ കടക്കാർ ‘വൈൻഡിംഗ്-അപ്പ് പെറ്റീഷൻ’ (winding-up petition) ഫയൽ ചെയ്തിട്ടുണ്ട്. മെഹ്തയുടെ മറ്റ് പല ‘ഈസ്റ്റ് ഇന്ത്യ’ അനുബന്ധ സ്ഥാപനങ്ങളും ഇതിനകം പിരിച്ചുവിടപ്പെടുകയോ നിയമനടപടികൾ നേരിടുകയോ ചെയ്തിട്ടുണ്ട്.
1600 ഡിസംബർ 31-ന് എലിസബത്ത് രാജ്ഞി നൽകിയ റോയൽ ചാർട്ടർ വഴിയാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്. ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ മത്സരിക്കാനായി രൂപീകരിച്ച ലോകത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനികളിലൊന്നായിരുന്നു ഇത്. കമ്പനിയുടെ ഭരണകാലത്തുണ്ടായ കടുത്ത ചൂഷണവും നികുതി നയങ്ങളും ഇന്ത്യയിൽ വലിയ ദാരിദ്ര്യമുണ്ടാക്കി. മൂന്നു കോടി ജനങ്ങളുടെ മരണത്തിനിടയാക്കിയ ബംഗാൾ മഹാക്ഷാമം ഇതിന്റെ ദാരുണമായ ഉദാഹരണമാണ്.
1857-ലെ ലഹളയെത്തുടർന്ന് അധികാരം ബ്രിട്ടീഷ് രാജവംശം ഏറ്റെടുക്കുകയും 1874-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഔദ്യോഗികമായി പിരിച്ചുവിടുകയും ചെയ്തു. പഴയ കമ്പനി ഇന്ത്യയുടെ വലിയൊരു ഭാഗം ഭരിക്കുകയും 2,50,000 സൈനികർ അടങ്ങുന്ന ഒരു സ്വകാര്യ സൈന്യത്തെ നിലനിർത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ ശക്തിയായിരുന്നു. ചുരുക്കത്തിൽ, വെറുമൊരു വ്യാപാര സ്ഥാപനമായി വന്ന കമ്പനി പിന്നീട് ഇന്ത്യയുടെ ഭരണാധികാരികളായി മാറുകയും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത ഇരുണ്ട ചരിത്രമാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുള്ളത്.
എന്നാൽ, ഇതിൽനിന്നു വിരുദ്ധമായി, കൊളോണിയലിസത്തിന്റെ നെഗറ്റീവ് പ്രതീകമായിരുന്ന ഒരു നാമത്തെ പോസിറ്റീവായ ഒന്നാക്കി മാറ്റാനാണ് സഞ്ജീവ് മെഹ്ത ലക്ഷ്യമിട്ടത്. എന്നാൽ, 170 വർഷങ്ങൾക്ക് ശേഷം ഈ ബ്രാൻഡിന്റെ രണ്ടാമത്തെ അന്ത്യം കുറിച്ച് കൊണ്ട്, ഏകദേശം 10.5 കോടി രൂപയുടെ കടബാധ്യതയെത്തുടർന്നാണ് കമ്പനി ഇപ്പോൾ ലിക്വിഡേഷൻ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.



