ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ച് മെക്സിക്കൻ സൈന്യം

മെക്സിക്കോ സിറ്റി : മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്സിക്കൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
എൽ മെൻചോയ്ക്ക് ഹാലിസ്കോ സംസ്ഥാനത്തെ തപാൽപയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേൽക്കുകയായിരുന്നു. മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്ന് സൈന്യം പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സൈനിക നടപടിയിൽ പ്രകോപിതരായ ലഹരി മാഫിയ സംഘം പശ്ചിമ ഹാലിസ്കോയിലെ ഇരുപതിലധികം റോഡുകൾ കാറുകളും ട്രക്കുകളും കത്തിച്ച് തടഞ്ഞു. അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. പൗരന്മാർ ശാന്തരായിരിക്കണമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലാഡിയ ഷെയ്ൻബോം അഭ്യർഥിച്ചു.
സിനലോവ കാർട്ടൽ സ്ഥാപകരായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ഇസ്മായേൽ സാംബാഡ എന്നിവരുടെ അറസ്റ്റിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും വലിയ ലഹരിമരുന്ന് രാജാവാണ് ഒസെഗുവേര. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ സൈന്യം പിടിച്ചെടുത്തു. ഒസെഗുവേരയെ കൂടാതെ ആറ് അക്രമികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഈ ആഴ്ച നടക്കാനിരുന്ന പൊതുപരിപാടികളും തിങ്കളാഴ്ചത്തെ ക്ലാസുകളും ഹാലിസ്കോ ഭരണകൂടം റദ്ദാക്കി. സംസ്ഥാന തലസ്ഥാനമായ ഗ്വാഡലഹാരയിലെ തെരുവുകൾ വിജനമാണ്. കടകളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് ദൗത്യം നടപ്പിലാക്കിയത്. ഒസെഗുവേരയെ ഏറ്റവും ക്രൂരനായ ലഹരിമരുന്ന് രാജാവ് എന്ന് വിശേഷിപ്പിച്ച അമേരിക്കൻ അധികൃതർ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
മെക്സിക്കോയിൽ നിന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് സൈനിക നീക്കം നടന്നത്. അക്രമസാധ്യത കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അമേരിക്കയും കാനഡയും നിർദ്ദേശം നൽകി. പല വിമാന സർവീസുകളും റദ്ദാക്കി.



