അന്തർദേശീയം

ട്രംപിന്റെ പ്രതികാര തീരുവകൾക്കെതിരെയുള്ള നിയമ പോരാട്ടത്തിന്റെ അമരത്ത് ഇന്ത്യൻ വംശജൻ

വാഷിംഗ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള ഇറക്കുമതി തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന കോടതി വിധിയിലേക്ക് നയിച്ച നിയമ പോരാട്ടത്തിന്റെ അമരത്ത് ഒരു ഇന്ത്യൻ വംശജനായിരുന്നു. യു എസ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയേറ്റ ചരിത്രപ്രധാനമായ വിധി അമേരിക്കൻ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോൾ അങ്ങിനെ അതിൽ, ഒരു മധുര പ്രതികാരവും കലര്‍ന്നു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായ പ്രശസ്ത അഭിഭാഷകൻ നീൽ കത്യൽ ആണ് നിയമ പോരാട്ടത്തിന് മുന്നിൽ നിന്ന് നയിച്ചത്. ചെറുകിട സ്ഥാപനങ്ങളെയാണ് അദ്ദേഹം കോടതിയിൽ പ്രതിനിധീകരിച്ചത്.

ഏഴ് ജഡ്ജിമാരിൽ ആറ് പേർ അനുകൂലിച്ച 6-3 ഭൂരിപക്ഷ വിധിയിൽ,ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.കുടിയേറ്റക്കാര്‍ക്കും, ചെറുകിട വ്യവസായ സംരഭകര്‍ക്കും, ചെറുകിട കര്‍ഷകര്‍ക്കും എതിരായ നയങ്ങളിലൂടെ വമ്പൻ മൂലധന താത്പര്യങ്ങൾ മാത്രം ലക്ഷ്യം വെച്ച് മുന്നേറിയ ട്രംപിന്റെ ഒറ്റയാൻ നീക്കങ്ങൾക്ക് നിയമത്തിന്റെ ചങ്ങല വീണു.

അമേരിക്കൻ ഭരണഘടന പ്രകാരം,തീരുവകൾ ചുമത്തുന്ന അധികാരം കോൺഗ്രസ്സിനാണ്, പ്രസിഡന്റിനല്ല. കോൺഗ്രസ്സ് വ്യക്തമായി അനുവദിക്കാതെ, അത്തരം അധികാരം ഒരു വ്യക്തി ഏറ്റെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്.ഇതായിരുന്നു നീൽ കത്യാലിന്റെ വാദത്തിന്റെ കാതൽ.

ട്രംപ് തന്നെ നിയമിച്ച ജഡ്ജിമാരായ നീൽ ഗോർസുച്ചും ആമി കോണി ബാരറ്റും അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തത് ഈ വിധിയുടെ സവിശേഷതയാണ്. ജഡ്ജിമാരായ ക്ലാരൻസ് തോമസ്,ബ്രെറ്റ് കവനഫ്,സാമ്യൂൽ അലിറ്റോ എന്നിവർ മാത്രമാണ് വിയോജിച്ചത്.സാധാരണ ഇത്തരം കേസുകളിൽ ഇത്രയും അധികം ജഡ്ജിമാര്‍ ഒന്നിക്കുന്ന ഭൂരിപക്ഷ വിധികൾ അമേരിക്കൻ നിയമ ചരിത്രത്തിൽ അപൂര്‍വ്വമാണ്.

സാധാരണ കുടിയേറ്റക്കാരുടെ മകനായി 1970മാർച്ചിൽ ജനിച്ച നീൽ കത്യൽ ഒബാമ ഭരണകൂടത്തിൽ ആക്ടിങ് സോളിസിറ്റർ ജനറൽ ആയി സേവനമനുഷ്ഠിച്ച പ്രമുഖ നിയമ പണ്ഡിതനാണ്.ഒരിക്കൽ അമേരിക്കയുടെ ഏറ്റവും ഉന്നത കോടതിയിൽ ഭരണകൂടത്തിന്റെ പ്രതിനിധിയായി വാദിച്ച അതേ ആൾ ഇന്ന് ആ ഭരണകൂടത്തിന്റെ തന്നെ നടപടികൾക്കെതിരെ പോരാടി വിജയിച്ചിരിക്കുകയാണ്.

വിധി പ്രഖ്യാപനത്തിനു ശേഷം കത്യൽ ഇങ്ങനെ പ്രതികരിച്ചു: “ഞാൻ ഒരു കുടിയേറ്റക്കാരന്റെ മകനാണ്.ചെറുകിട ബിസിനസ്സുകൾക്ക് വേണ്ടിയാണ് ഹാജരായത്, ‘ഈ പ്രസിഡന്റ് അവര്‍ക്കെതിരെ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നു’എന്ന് ഞാൻ കോടതിയിൽ വാദിച്ചു.ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ കോടതി ചോദിച്ചു.എന്നിട്ടും ഒടുവിൽ ഞങ്ങൾ ജയിച്ചു. “ഒരു കുടിയേറ്റക്കാരന്റെ മകനായ എനിക്ക് കോടതിയിൽ പോയി പ്രസിഡന്റിന്റെ നടപടി തെറ്റാണെന്ന് പറയാൻ കഴിഞ്ഞു. ഈ രാജ്യത്തിന്റെ അസാധാരണത്വം ഇതാണ്”

ചിക്കാഗോയിൽ ജനിച്ച ഇന്ത്യൻ വംശജനായ നീൽ കത്യൽ, സുപ്രീം കോടതിയിൽ 50-ലധികം കേസുകൾ വാദിച്ച റെക്കോർഡിന് ഉടമയാണ്. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ആക്ടിംഗ് സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ ജോർജ്ജ്ടൗൺ സർവകലാശാലയിലെ പ്രൊഫസറാണ്.

2025ഡിസംബർ 14വരെ IEEPA (International Emergency Economic Powers Act) പ്രയോഗിച്ച് 133.5ബില്യൺ ഡോളർ തീരുവ യു എസ് ഭരണകൂടം പിരിച്ചെടുത്തിരുന്നു. ഈ തുകയുടെ ഒരു ഭാഗം ഇറക്കുമതിക്കാർക്ക് തിരിച്ച് നൽകേണ്ടി വരുമോ എന്ന് കോടതി ഇനിയും വ്യക്തമാക്കിയിട്ടില്ല. അത് ഒരു വലിയ നിയമ ചർച്ചയ്ക്ക് ഇനിയും വഴിവെക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button