അന്തർദേശീയം

സൈനിക നിയമം ഏർപ്പെടുത്തിയ കേസ്‌ : ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് ജീവപര്യന്തം

സോൾ : ദക്ഷിണ കൊറിയയിൽ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ സൈനിക നിയമം ഏർപ്പെടുത്തിയ കേസിൽ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു.

പ്രതിപക്ഷ നിയന്ത്രണത്തിലായ പാർലമെന്റിനെ അടിച്ചമർത്താൻ സൈന്യത്തെ അയക്കുകയും മാർഷൽ ലോ പ്രഖ്യാപിക്കുകയും ചെയ്തു എന്നാണ് കേസ്. ഇതോടെ യൂൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാനും പാർലമെന്റ് പിടിച്ചെടുക്കാനുമായി സൈന്യത്തെയും പോലീസിനെയും നിയമവിരുദ്ധമായി ഉപയോഗിച്ചതിലൂടെ യൂൻ രാജ്യദ്രോഹം ചെയ്തതായി സൗൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജീ ക്വി-യൂൻ വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.

സൈനിക നിയമം നടപ്പിലാക്കാൻ സഹായിച്ച മുൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂന് 30വർഷം തടവ് ലഭിച്ചു.മുൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവിന് 23വർഷം തടവും കോടതി വിധിച്ചു.രേഖകൾ ചമച്ചതിനും സത്യപ്രതിജ്ഞ ലംഘിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ നടപടി.

1996-ൽ ചുൻ ഡൂ-ഹ്വാനിന് ശേഷം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന ആദ്യത്തെ കൊറിയൻ പ്രസിഡന്റാണ് യൂൻ സുക് യോൾ.

നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണ കൊറിയയിൽ 2024ഡിസംബർ 3-ന് സൈനിക നിയമം നടപ്പിലാക്കിയത്. രാഷ്ട്രീയ പ്രവർത്തനങ്ങൾ തടയുക,മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക,വാറന്റില്ലാതെ അറസ്റ്റ് ചെയ്യുക തുടങ്ങിയ വിപുലമായ അധികാരങ്ങളാണ് യൂൻ പ്രഖ്യാപിച്ചത്. എന്നാൽ ആറ് മണിക്കൂറിനുള്ളിൽ തന്നെ എംപിമാർ പാർലമെന്റിൽ ഒത്തുകൂടുകയും വോട്ടെടുപ്പിലൂടെ ഈ നിയമം റദ്ദാക്കുകയും ചെയ്തു.

2024ഡിസംബർ 14-ന് യൂനിനെ ഇംപീച്ച് ചെയ്തു. 2025ഏപ്രിലിൽ ഭരണഘടനാ കോടതി അദ്ദേഹത്തെ ഔദ്യോഗികമായി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ മുതൽ അദ്ദേഹം തടവിലാണ്.

പ്രോസിക്യൂഷൻ വധശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും,ഈ അട്ടിമറി ശ്രമത്തിൽ മരണങ്ങളൊന്നും സംഭവിക്കാത്തതിനാൽ കോടതി ജീവപര്യന്തം ശിക്ഷയിൽ ഒതുക്കുകയായിരുന്നു. മാത്രമല്ല 1997-ന് ശേഷം ദക്ഷിണ കൊറിയയിൽ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button