നൈജീരിയയിലെ മൂന്ന് ഗ്രാമങ്ങളിൽ തോക്കുധാരികളുടെ ആക്രമണം; 46 പേർ കൊല്ലപ്പെട്ടു

അബുജ : മധ്യ- വടക്കൻ നൈജീരിയൻ പ്രദേശങ്ങളിൽ തോക്കുധാരികളുടെ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. മൂന്ന് ഗ്രാമങ്ങളിലായി നടന്ന ആക്രമണത്തിൽ നിരവധിയാളുകളെ തട്ടിക്കൊണ്ടു പോയതായും പൊലീസ് പറഞ്ഞു. നൈജർ സംസ്ഥാനത്തെ ബോർഗു പ്രദേശത്തുള്ള തുംഗ-മകേരി, കോൺകോസോ, പിസ്സ എന്നിവിടങ്ങളിലായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
തുംഗ-മാക്കേരിയിലെ ആക്രമണത്തിൽ ആറ് പേർ മരിച്ചുവെന്ന് നൈജർ സംസ്ഥാന പൊലീസ് വക്താവ് വാസിയു അബിയോഡൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ എണ്ണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോൺകോസോ ഗ്രാമത്തിൽ മാത്രം 38 മൃതദേഹങ്ങൾ വെടിയേറ്റും കഴുത്തറുത്ത നിലയിലും കണ്ടെത്തിയതായാണ് വിവരം. ഗ്രാമത്തിലെ വീടുകളും അക്രമികൾ തീയിട്ടിരുന്നു. ഇൗ മേഖലയിൽ ഐഎസിന്റെയും അക്രമിസംഘങ്ങളുടെയും സ്വാധീനം വർധിച്ചു വരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ശനിയാഴ്ച പുലർച്ചെ നടന്ന തോക്കുധാരികളുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ജനുവരിയിൽ കടുനയിലെ മറ്റൊരു ഭാഗത്തുള്ള മൂന്ന് പള്ളികളിൽ നിന്ന് 150ലധികം പേരെ തട്ടിക്കൊണ്ടുപോയിരുന്നു.
ഈ മാസം ആദ്യം പടിഞ്ഞാറൻ ക്വാറ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ 160-ലധികം പേർ കൊല്ലപ്പെട്ടു. വോറോ, നുകു ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തിൽ 162 പേരാണ് കൊല്ലപ്പെട്ടത്. തോക്കുധാരികൾ വീടുകൾ തകർക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും മാസങ്ങളായി നൈജീരിയയിൽ തുടരുകയാണ്. കത്തോലിക്കാ സ്കൂളിൽ നിന്ന് 300ഓളം വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.



