കേരളംചരമം

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിന്‍ ഷെറിന് വിട നല്‍കി കേരളം

പത്തനംതിട്ട : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, വാഹനാപകടത്തില്‍ മരിച്ച് ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം സംസ്‌കരിച്ചു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ ചടങ്ങുകളുടെ ഭാഗമായി.

ആയിരങ്ങളായിരുന്നു ഷെറിന്‍ എബ്രഹാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ എത്തിയത്. വീട്ടിലും പള്ളിയിലും മൃതദേഹത്തില്‍ ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന്‍ ഫെബ്രുവരി അഞ്ചിന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റാണ് മരണമടഞ്ഞത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതിനു പിന്നാലെയാണ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവിതം ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button