അന്തർദേശീയം

ട്രംപിന്റെ പേരില്‍ തര്‍ക്കം; യുഎസിൽ മകളെ വെടിവെച്ച് കൊന്ന് പിതാവ്

ടെക്‌സസ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറിച്ചുണ്ടായ തര്‍ക്കം കലാശിച്ചത് ഒരു കൊലപാതകത്തില്‍. ടെക്‌സസിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസണാണ് വെടിവെച്ച് കൊന്നത്. ജനുവരി 10നാണ് സംഭവം നടന്നത്. നിലവില്‍ കേസില്‍ വിചാരണ നടന്നു വരികയാണ്.

കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മില്‍ എപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണള്‍ഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസവും തര്‍ക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു.

ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ ഇരിക്കുകയായിരുന്നു. അന്നും ലൂസിയും ക്രിസും തമ്മില്‍ തര്‍ക്കമുണ്ടായി. ഡൊണാള്‍ഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു ഇത്തവണയും തര്‍ക്കം. ക്രിസിന്റെ ചില പ്രതികരണങ്ങള്‍ ലൂസിയെ വല്ലാതെ വേദനിപ്പിച്ചെന്നാണ് സാമിന്റെ വാക്കുകള്‍.

ലൂസി കുറച്ച് സമയം റൂമില്‍ തനിച്ചിരുന്നു. പിന്നീട് അടുക്കളയിലെത്തിയ ലൂസിയെ ക്രിസ് കൈപിടിച്ച് താഴെയുള്ള റൂമിലേക്ക് കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം അവിടെ നിന്നും വലിയ ശബ്ദം കേള്‍ക്കുകയായിരുന്നു. വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോള്‍ വെടിയേറ്റ് കിടക്കുന്ന ലൂസിയെ ആണ് കണ്ടത്.

തന്റെ പ്രവര്‍ത്തിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നെന്നും ഹൃദയത്തില്‍ നിന്നും ഈ ഭാരം ഒരിക്കലും ഒഴിഞ്ഞു പോകില്ലെന്നും അഭിഭാഷകര്‍ വഴി ക്രിസ് ഹാരിസണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് താന്‍ തോക്ക് സൂക്ഷിക്കുന്നതെന്ന് ലൂസിയോട് പറയുകയായിരുന്നു എന്നും ലൂസിയ്ക്ക് നേരെ വെടിയുണ്ട വന്നപ്പോള്‍ തന്റെ കൈ ട്രിഗറിലുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും ക്രിസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button