അന്തർദേശീയം

ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയിലുടനീളം ആയിരങ്ങളുടെ ഫലസ്തീൻ അനുകൂല റാലി

സിഡ്‌നി : ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയിലുടനീളം ആയിരങ്ങളുടെ റാലി. ഫലസ്തീൻ അനുകൂല നിലപാട് ഉയർത്തി പിടിച്ചാണ് ജൂത ഫെസ്റ്റിവലിനിടെ വെടിവെപ്പുണ്ടായ സിഡ്‌നി സന്ദർശിക്കാനെത്തിയ ഹെർസോഗിനെതിരെ പ്രതിഷേധം ഇരമ്പിയത്.

മെൽബൺ നഗരമധ്യത്തിൽ, ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ പ്രകടനം നടത്തി. ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷന് പുറത്ത് ഏകദേശം 5,000 പ്രതിഷേധക്കാർ ഒത്തുകൂടി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കുരുമുളക്ക് സ്പ്രേ പ്രയോഗിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും കുരുമുളക് സ്‌പ്രേ പ്രയോഗം നേരിടേണ്ടിവന്നു. 15 ഓളം പേരെ അറസ്റ്റ് ചെയ്തു.

ഫലസ്തീനികൾക്കെതിരെ വംശഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ഹെർസോഗിനെതിരെ ആക്ടിവിസ്റ്റുകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഹെർസോഗിന്റെ സന്ദർശന വേളയിൽ മാന്യമായി പെരുമാറണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ബഹിഷ്കരിച്ചാണ് നിരവധി പേർ ഫലസ്തീന് വേണ്ടി അണിനിരന്നത്.

സിഡ്‌നിയിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ ആദരിക്കാനെത്തിയ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ബോണ്ടി പവലിയനിൽ പുഷ്പചക്രം അർപ്പിച്ചു. നാല് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനത്തിൽ ഇസ്രായേൽ പ്രസിഡന്റ് വെടിവെപ്പ് അതിജീവിച്ചവരെയും ഇരകളുടെ കുടുംബാംഗങ്ങളെയും കാണും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button