എപ്സ്റ്റീൻ ലൈംഗിക വ്യാപാര ശൃംഖല നടത്തിയതിന് തെളിവില്ല : എഫ്.ബി.ഐ

ന്യൂയോർക്ക് : യു.എസിലെ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ പ്രമുഖർക്ക് ലൈംഗികാവശ്യത്തിനായി ആളെക്കൊടുക്കുന്ന ശൃംഖല നടത്തിയിരുന്നു എന്നതിന് തെളിവില്ലെന്ന് എഫ്.ബി.ഐ. ന്യൂയോർക്കിലും ഫ്ലോറിഡയിലും വെർജിൻ ദ്വീപുകളിലുമുള്ള എപ്സ്റ്റീന്റെ വീടുകളിൽനിന്നു പിടിച്ചെടുത്ത ഫോട്ടോകളിലും വീഡിയോകളിലും ആരെയെങ്കിലും ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയോ എന്തെങ്കിലും കുറ്റകൃത്യം നടന്നതിന്റെയോ തെളിവില്ലെന്നും യു.എസ്. നീതിന്യായവകുപ്പിന്റെ രേഖ പറയുന്നു.
ധനകാര്യം, അക്കാദമിക്, നയതന്ത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖർക്ക് പണം നൽകിയതുൾപ്പെടെ എപ്സ്റ്റീന്റെ സാമ്പത്തികവിവരങ്ങളും എഫ്.ബി.ഐ. പരിശോധിച്ചു. എന്നാൽ, പണം കൈമാറ്റത്തിന് ക്രിമിനൽ പ്രവൃത്തികളുമായി ഒരു ബന്ധവുമില്ലെന്നാണ് കണ്ടെത്തിയത്.
എപ്സ്റ്റീന്റെ ഫ്ലോറിഡയിലെ വീട്ടിൽ ലൈംഗികപീഡനത്തിന് 14-കാരി ഇരയായി എന്ന കേസിൽ 2005-ലാണ് ഇയാളുടെപേരിൽ ആദ്യം അന്വേഷണമുണ്ടായത്. 35 പെൺകുട്ടികളും സമാനകാര്യം പോലീസിനോടു പറഞ്ഞു. എന്നാൽ, അന്ന് 18 മാസം ജയിലിൽകിടന്ന എപ്സ്റ്റീൻ ഒത്തുതീർപ്പു കരാറുണ്ടാക്കി പുറത്തിറങ്ങി. പിന്നീട് 2019 ജൂലായിൽ മറ്റൊരു ലൈംഗികക്കുറ്റകൃത്യക്കേസിലാണ് അറസ്റ്റിലായത്. വിചാരണകാത്ത് ന്യൂയോർക്കിലെ ജയിലിൽ കഴിയവേ അയാൾ ആത്മഹത്യചെയ്തു. എപ്സ്റ്റീനുവേണ്ടി പെൺകുട്ടികളെ കണ്ടെത്തുകയും ലൈംഗികാതിക്രമങ്ങളിൽ പങ്കാളിയാകുകയും ചെയ്തു എന്നുപറഞ്ഞ കൂട്ടാളി ഗിസ്ലെയ്ൻ മാക്സ്വെൽ 20 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണ്.
അതിനിടെ, ബ്രിട്ടീഷ് രാജകുമാരനായിരുന്ന ആൻഡ്രൂ വ്യാപാരവുമായിബന്ധപ്പെട്ട ഔദ്യോഗികരേഖകൾ എപ്സ്റ്റീനുമായി പങ്കുവെച്ചുവെന്ന വിവരം പുറത്തുവന്നു. ആൻഡ്രൂ ബ്രിട്ടന്റെ വ്യാപാരപ്രതിനിധിയായിരിക്കേയാണിത്. അതേസമയം, എപ്സ്റ്റീനുമായുണ്ടായിരുന്ന ബന്ധത്തിന്റെപേരിൽ ജോർദാനിലെ നോർവീജിയൻ സ്ഥാനപതി മോണ യൂൾ രാജിവെച്ചു.



