കേരളം

‘ഹാൻഡ്‌സ്‌ ഓൺ’ : ജർമനിയിൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നൽകാൻ ലക്ഷ്യമിട്ട്‌ തൊഴിൽ വകുപ്പ്‌

തിരുവനന്തപുരം : കേരളത്തിൽനിന്നുള്ള യുവജനങ്ങൾക്ക്‌ ജർമനിയിൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നൽകാൻ ലക്ഷ്യമിട്ട്‌ തൊഴിൽ വകുപ്പ്‌. ‘ഹാൻഡ്‌സ്‌ ഓൺ’ എന്ന ജർമൻ റിക്രൂട്ട്‌മെന്റ്‌ ഏജൻസിയുമായി സഹകരിച്ച്‌ കേരള അക്കാദമി ഫോർ സ്‌കിൽസ്‌ എക്‌സലൻസ്‌ (കെയ്‌സ്‌) മാർച്ചിൽ ഇൻഡോ–ജർമൻ ട്രേഡ്‌ ഫെയർ സംഘടിപ്പിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്ലസ്‌ ടു യോഗ്യതയുള്ള, ബി1, ബി3 ലെവൽ ജർമൻ ഭാഷാ പ്രാവീണ്യമുള്ളവ ഉദ്യോഗാർഥികൾക്ക്‌ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ജർമനിയിൽ മാസം 1,08,000 രൂപ സ്‌റ്റൈപ്പന്റോടെ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവും പരിശീലനം ലഭിക്കും. ഇവർക്ക്‌ ജർമനിയിൽ സ്ഥിരതാമസത്തിനോ കോഴ്‌സിന്‌ ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങാനോ അവസരമുണ്ടാകും. ഇ‍ൗ അധ്യയന വർഷംതന്നെ പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ജർമനിയുടെ സാമ്പത്തിക തലസ്ഥാനമെന്ന്‌ അറിയപ്പെടുന്ന ഹെസൻ സംസ്ഥാനവുമായി പങ്കാളിത്ത കരാർ ഒപ്പിടും. ഹെസൻ സർക്കാർ ധാരണപത്രത്തിന്റെ കരട്‌ ലഭ്യമാക്കിയിട്ടുണ്ട്‌. ജർമനിയിലെ തുറിൻഗ്യ സംസ്ഥാനത്തെ വ്യവസായ അസോസിയേഷനായ എർഫർട്ട് ചേംബർ ഓഫ് ക്രാഫ്റ്റ്സ് തുറിൻഗ്യ സർക്കാരിന്റെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത്‌ ജർമൻ ഡ്യൂവൽ എഡ്യൂക്കേഷൻ സെന്റർ സ്ഥാപിക്കും. ഇതിന്റെ കരാർ മാർച്ചിൽ ഒപ്പിടും.

ജർമൻ ഭാഷാപഠനത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി ഔദ്യോഗിക കരാർ ഒപ്പിട്ടു. ജർമനിയിലെ നെക്സ്റ്റ്‌ ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് 9000 കോടിയുടെ നിക്ഷേപവും 3000 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കൊണ്ടുവരും. മാർച്ച് 26-ന് എത്തുന്ന ഓസ്ട്രിയൻ ഐടി പ്രതിനിധി സംഘത്തിനുമുന്നിൽ കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button