ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്

ന്യൂയോർക്ക് : ആഗോള ക്രിപ്റ്റോകറൻസി വിപണിയിൽ വൻ വീഴ്ച. ഫ്ലാഗ്ഷിപ്പ് ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വ്യാഴാഴ്ച 61,000ഡോളറിന് താഴേക്ക് പതിച്ചു. ഒരു ഘട്ടത്തിൽ 67,000ഡോളർ വരെ മൂല്യം താഴ്ന്നു. ഒരാഴ്ചത്തെ കാലാവധിക്കുള്ളിൽ മാത്രം ബിറ്റ്കോയിന്റെ മൂല്യം ഏകദേശം 30ശതമാനം വരെ കുറവ് രേഖപ്പെടുത്തി.
ഡിജിറ്റൽ ഗോൾഡ് എന്ന വിശേഷണത്തോടെ വെര്‍ച്വൽ സമ്പാദ്യങ്ങളുടെ ലോകത്ത് തിളങ്ങി നിന്ന താരമാണ് ബിറ്റ് കോയിൻ. സ്വർണ്ണത്തിന് പകരം സുരക്ഷിത നിക്ഷേപം എന്ന ഈ പദവിക്ക് മങ്ങലേൽക്കുന്നു. പണപ്പെരുപ്പത്തിനും ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കും എതിരായ പുത്തൻ അത്താണിയായി പോലും ബിറ്റ്കോയിൻ ഉയർത്തി കാണിക്കപ്പെട്ടിരുന്നതാണ്. പക്ഷേ പതനം തുടര്‍ച്ചയായതോടെ ക്രിപ്റ്റോ ലോകത്ത് നിന്ന് നിക്ഷേപകര്‍ പിൻമാറുകയാണ്.
ഈ ഇടിവ് ക്രിപ്റ്റോ വിപണിയിലൊതുങ്ങുന്നതല്ല.അമേരിക്കൻ ടെക് ഓഹരികളിലുണ്ടായ കനത്ത വിൽപ്പനയും ഇതോടൊപ്പം നടക്കുന്നു. നിക്ഷേപകർ ഇപ്പോൾ റിസ്ക് കൂടുതലുള്ള ആസ്തികളിൽ നിന്ന് പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ വർഷത്തിന്റെ അവസാന ഘട്ടത്തിൽ ബിറ്റ്കോയിൻ 125,000ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്ന് റെക്കോർഡ് ഉയരം രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ വെറും നാല് മാസത്തിനുള്ളിൽ തന്നെ ഡിജിറ്റൽ കറൻസി അതിന്റെ മൂല്യത്തിന്റെ ഏകദേശം പകുതി നഷ്ടപ്പെടുത്തി.
സ്വര്‍ണ്ണത്തിന്റെ പ്രതികാരം
പുതിയ ഡാറ്റകൾ അനുസരിച്ച് ബിറ്റ്കോയിൻ സ്വർണ്ണത്തെ പോലെ പെരുമാറുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിറ്റ്കോയിൻ ഏകദേശം 40ശതമാനം ഇടിഞ്ഞപ്പോൾ, സ്വർണം ഏകദേശം 61ശതമാനം ഉയർന്നു. ഇത് സ്വര്‍ണ്ണത്തെക്കാൾ വിശ്വാസം നേടി തിളങ്ങി നിന്ന ബിറ്റ്കോയിന്റെ സുരക്ഷിത നിക്ഷേപം എന്ന പദവിയെ ചോദ്യം ചെയ്യുന്നു.
മറ്റ് ക്രിപ്റ്റോകറൻസികളും തകർച്ചയിൽ
ബിറ്റ്കോയിനൊപ്പം മറ്റ് ഡിജിറ്റൽ ആസ്തികളും കനത്ത സമ്മർദ്ദത്തിലാണ്. ഇതർ ഒരാഴ്ചയ്ക്കുള്ളിൽ 33ശതമാനം വരെ ഇടിഞ്ഞു. സോളാന 88.42 ഡോളർ വരെ വീണു. ഇത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. XRP ഉൾപ്പെടെയുള്ള മറ്റ് ക്രിപ്റ്റോകറൻസികളും വലിയ നഷ്ടത്തിൽ കിതച്ച് നില്പാണ്.
ഉടകളായ നിക്ഷേപകർ പിന്മാറുന്നു
മുമ്പ് ബിറ്റ്കോയിന്റെ വില ഉയർത്താൻ സഹായിച്ച വലിയ ഉടമാ നിക്ഷേപകർ ഇപ്പോൾ അവയുടെ തന്നെ വിൽപ്പനക്കാർ ആയി മാറുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിറ്റ്കോയിൻ 365-ദിവസ മൂവിംഗ് അവറേജിന് താഴേക്ക് വീണതും വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു. ഇത് 2022ന് ശേഷം ആദ്യമായാണ് സംഭവിക്കുന്നത്.
ക്രിപ്റ്റോകറൻസി എന്താണ്?
ക്രിപ്റ്റോകറൻസി എന്നത് ഡിജിറ്റൽ രൂപത്തിലുള്ള ഒരു കറൻസിയാണ്. ഇത് ബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കുന്നതല്ല. ബ്ലോക്ക്ചെയിൻ എന്ന സാങ്കേതികവിദ്യയാണ് ഇതിന്റെ അടിസ്ഥാനമായത്. ഓൺലൈൻ ഇടപാടുകൾക്കായി ഇതിനെ പ്രധാനമായും ഉപയോഗിക്കുന്നു.
ബിറ്റ്കോയിൻ എന്താണ്?
ബിറ്റ്കോയിൻ ലോകത്തിലെ ആദ്യത്തെയും ഏറ്റവും പ്രശസ്തവുമായ ക്രിപ്റ്റോകറൻസിയാണ്. 2009-ൽ സതോഷി നാകമോട്ടോ എന്ന പേരിലുള്ള വ്യക്തിയോ സംഘമോ ആണ് ഇത് ആരംഭിച്ചത്. പരമാവധി 21മില്യൺ ബിറ്റ്കോയിൻ മാത്രമേ ഉണ്ടാകൂ.കേന്ദ്ര നിയന്ത്രണമില്ലാത്ത ഒരു കറൻസിയാണ് ഇത്.
ബിറ്റ്കോയിൻ ആദ്യമായിട്ടാണോ ഇടിയുന്നത്?
ഇത് ആദ്യമായല്ല.ബിറ്റ്കോയിൻ ചരിത്രത്തിൽ പലതവണ വലിയ ഇടിവുകൾ നേരിട്ടിട്ടുണ്ട്. 2011-ൽ ഏകദേശം 90ശതമാനം വരെ ഇടിവുണ്ടായി. 2017–2018 കാലയളവിൽ 20,000ഡോളറിൽ നിന്ന് 3,000ഡോളർ വരെ വില കുറഞ്ഞു. 2021–2022 കാലഘട്ടത്തിൽ 69,000ഡോളറിൽ നിന്ന് 16,000ഡോളർ വരെ ഇടിഞ്ഞു.
ബിറ്റ്കോയിന്റെ വിലയിൽ വലിയ ഉയർച്ചകളും തകർച്ചകളും ആവർത്തിച്ചാണ് സംഭവിച്ചിട്ടുള്ളത്. ഇത് ക്രിപ്റ്റോകറൻസി വിപണിയുടെ സ്വഭാവമാണ് എന്ന നിലയ്ക്കാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ ക്രിപ്റ്റോകറൻസി വിപണി ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കും വിധേയമായി തുടങ്ങിയിട്ടുണ്ട്. പ്രചാരണവും ആവേശവും വിട്ട്, പണപ്രവാഹവും ആഗോള വിപണി സാഹചര്യങ്ങളും ആശ്രയിച്ചാണ് വ്യാപാരം നടക്കുന്നത് എന്നതാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്.
ഡോളറിനും സമ്മർദ്ദം
ക്രിപ്റ്റോകറൻസികൾ ഇടിയുന്നതിനൊപ്പം,അമേരിക്കൻ ഡോളറിനും സമ്മർദ്ദം അനുഭവപ്പെടുന്നു. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര–ടാരിഫ് ഭീഷണികൾ, ഗ്രിൻലാൻഡിനെ ചുറ്റിയുള്ള യു.എസ്–സഖ്യരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ,ഇറാനിലെ പ്രതിഷേധങ്ങൾ, വെനസ്വേലയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയവ ആഗോള വിപണിയിൽ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്.
കമ്പനികൾക്കും നിക്ഷേപകർക്കും തിരിച്ചടി
ബിറ്റ്കോയിനിൽ വലിയ തോതിൽ നിക്ഷേപം നടത്തിയ കമ്പനികൾക്കും ഈ ഇടിവ് ഷോക്കായി. ഏറ്റവും വലിയ കോർപ്പറേറ്റ് ബിറ്റ്കോയിൻ ഉടമയായ Strategyഎന്ന കമ്പനിയുടെ ഓഹരി വില,ബിറ്റ്കോയിൻ താഴ്ന്നതോടെ ഒരു ദിവസത്തിനുള്ളിൽ 10ശതമാനത്തിലധികം ഇടിഞ്ഞു.
ഈ കമ്പനി ശരാശരി ഏകദേശം 76,000ഡോളർ വിലയ്ക്ക് വാങ്ങിയ 7ലക്ഷത്തിലധികം ബിറ്റ്കോയിനുകൾ കൈവശം വെച്ചിട്ടുണ്ട്.ഇപ്പോൾ ബിറ്റ്കോയിൻ ഈ നിരക്കിന് താഴെ ഉറച്ചതോടെ,കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാകുകയാണ്.
ഈ സമ്മർദ്ദം ക്രിപ്റ്റോ എക്കോസിസ്റ്റം മുഴുവൻ ബാധിക്കുന്നു. Coinbase, Circle, Robinhoodതുടങ്ങിയ ക്രിപ്റ്റോ വ്യാപാരവുമായി അടുത്ത ബന്ധമുള്ള കമ്പനികളുടെ ഓഹരികളും ബിറ്റ്കോയിനിനൊപ്പം താഴേക്ക് നീങ്ങുകയാണ്.
ആരു രക്ഷിക്കും
അതേസമയം,സർക്കാർ ക്രിപ്റ്റോകറൻസികളെ രക്ഷിക്കാൻ ഇടപെടില്ലെന്ന യു.എസ്.ധനകാര്യ വകുപ്പിന്റെ നിലപാടും വിപണിയിലെ പ്രതീക്ഷകൾ കുറച്ചു. ക്രിപ്റ്റോ അനുകൂല സമീപനം കാണിച്ച ഭരണകൂടം ഉണ്ടായിട്ടും യു എസ് കോൺഗ്രസിൽ വ്യക്തമായ നിയമങ്ങൾ ഇപ്പോഴും പൂർണമായി പാസായിട്ടില്ല.
നിയന്ത്രണങ്ങളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും,വിപണിയുടെ ഘടനയുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങൾ ഇപ്പോഴും നിലച്ചു കിടക്കുകയാണ്. അതിനാൽ,വ്യക്തമായ നിയമങ്ങൾ വന്നാലും,അതീവ ചാഞ്ചാട്ടമുള്ള ഈ ആസ്തിവർഗത്തിൽ നിക്ഷേപിക്കാൻ പല നിക്ഷേപകരും ഇനിയും മടിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



