യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

കീവ് : യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായാണ് ആക്രമണം അരങ്ങേറിയത്. ബസിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരുക്കേറ്റെന്നും റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ പറഞ്ഞു. ഇതിനുപുറമെ, നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
റഷ്യ ഏകദേശം 90 ഡ്രോണുകൾ വിക്ഷേപിച്ചതായും അതിൽ 14 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് സ്ഥലങ്ങളിൽ പതിച്ചതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തെക്കൻ യുക്രെയ്നിലെ ഖേർസനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 59 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. സാപോറീഷ്യ നഗരത്തിലെ ഒരു ആശുപത്രിക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. അവിടെ ആറു പേർക്ക് പരുക്കേറ്റതായും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയതായും ഗവർണർ ഇവാൻ ഫെഡോറോവ് അറിയിച്ചു.
നാലു വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഈ ആഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകൾ അടുത്ത ആഴ്ചത്തേക്കു മാറ്റിയതായി റഷ്യ അറിയിച്ചിരുന്നു. പുതുതായി നടന്ന ആക്രമണങ്ങളെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.



