അന്തർദേശീയം

ഡബ്ല്യൂഎച്ച്ഓ പ്രതിസന്ധിയിൽ; യുഎസിന്റെ ഔദ്യോഗിക പിന്മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൺ ഡിസി : ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസിന്റെ ഔദ്യോഗിക പിന്മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ. യുഎസിന്റെയും ലോകത്തിന്റെയും ആരോഗ്യരംഗത്തെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് നീക്കം. ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ ഏജൻസിക്ക് നൽകാനുള്ള 260 മില്യൻ ഡോളർ ഫീസ് നൽകാതെ പിന്മാറുന്നത് യുഎസ് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2025ൽ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിവസം ഡോണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തിരുന്നു. യുഎസ് നിയമപ്രകാരം, സംഘടന വിടുന്നതിന് ഒരു വർഷം മുൻപ് നോട്ടിസ് നൽകുകയും കുടിശികയുള്ള മുഴുവൻ തുകയും അടച്ചുതീർക്കുകയും വേണം. കഴിഞ്ഞ ഒരു വർഷത്തിനിടെ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം ഗെബ്രിയേസസ് ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ വിദഗ്ധർ ഈ തീരുമാനത്തിൽ പുനർചിന്ത വേണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.

2024, 2025 വർഷങ്ങളിലെ കുടിശിക യുഎസ് ഇതുവരെ നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ യുഎസിന്റെ പിന്മാറ്റവും അത് കൈകാര്യം ചെയ്യേണ്ട രീതിയും അംഗരാജ്യങ്ങൾ ചർച്ച ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ കുടിശിക നൽകാതെ പിന്മാറാൻ കഴിയുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറായില്ല.

യുഎസിന്റെ പിന്മാറ്റം സംഘടനയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഘടനയുടെ മൊത്തം ഫണ്ടിങ്ങിന്റെ 18 ശതമാനവും നൽകിയിരുന്നത് യുഎസ് ആയിരുന്നു. ഫണ്ട് വെട്ടിക്കുറച്ചതോടെ മാനേജ്‌മെന്റ് ടീമിനെ പകുതിയായി കുറയ്ക്കാനും ഈ വർഷം പകുതിയോടെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനും സംഘടന നിർബന്ധിതരായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button