കേരളം

രണ്ടാം വർഷവും 2.2 ക്വിന്റൽ വിളവ്, കുണ്ടിൽ പാടശേഖരത്ത് പൊന്ന് വിളയിച്ച് ജെസിഇടിയിലെ അഗ്രിക്കൾച്ചർ എൻജിനീയറിങ് വിദ്യാർത്ഥികൾ

 

തുടർച്ചയായി രണ്ടാം വർഷവും നെൽകൃഷിയിൽ നിന്നും നേട്ടം കൊയ്ത് ലക്കിടി ജെസിഇടി വിദ്യാർത്ഥികൾ. മംഗലം പഞ്ചായത്തിലെ കുണ്ടിൽ പാടശേഖരത്ത് നിന്നും ജെസിഇടിയിലെ രണ്ടാം വർഷ അഗ്രിക്കൾച്ചർ 29 എൻജിനീയറിങ് വിദ്യാർത്ഥികൾ വിളയിച്ചത് 2200 കിലോ നെല്ല്. കഴിഞ്ഞ വർഷവും രണ്ടേക്കർ വരുന്ന പാടശേഖരത്തിൽ നിന്നും 2 ക്വിന്റൽ നെല്ല് കുട്ടികൾ വിളവെടുത്തിരുന്നു. കോഴ്സിന്റെ ഭാഗമായുള്ള ക്രോപ് ഹസ്ബൻഡറി ലാബിന്റെ ഭാഗമായാണ് ഞാറൊരുക്കിയും വിള പരിപാലിച്ചും ഒടുവിൽ കൊയ്തെടുത്തും കുട്ടി എൻജിനീയർമാർ കുട്ടികർഷകരായത്.

2025 സെപ്റ്റംബറിലാണ് ഉമ നെൽ വിത്തുകൾ പാടത്തിറക്കിയത്. ഞാറ്റടി ഒരുക്കലും ട്രാൻസ്‌പ്ലാന്റർ എന്ന നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാർ നടീലും വളപ്രയോഗവും എല്ലാം കുട്ടികൾ തന്നെയാണ് ചെയ്തത്. തികച്ചും ജൈവ രീതികൾ മാത്രം ഉപയോഗിച്ചാണ് കൃഷി. കൊയ്ത്ത് തുടങ്ങിവെച്ചതും കുട്ടികൾ തന്നെ. പൂർത്തിയാക്കിയത് കൊയ്ത്ത് യന്ത്രവും. കോഴ്സിന്റെ ഭാഗമായാണ് കൃഷിയിടത്തേക്ക് ഇറങ്ങിയതെങ്കിലും കൃഷിയിൽ പൂർണമായും ആത്മസമർപ്പണം നടത്തിയാണ് ഈ വിദ്യാർത്ഥി സംഘം വിജയം കൊയ്തത്. 2000 കിലോ വിളവ് ലഭിച്ചതിൽ കുറച്ചു നെല്ല് പുഴുങ്ങുന്നതും കുത്തുന്നതും തവിട് കളയുന്നതും അവിലും മലരും ഉണ്ടാക്കുന്നതും അടക്കമുള്ള വിവിധ ഘട്ടങ്ങൾ പഠിക്കുന്നതിനായി മാറ്റിവെക്കും. കുറച്ചു ഭാഗം കുട്ടികൾക്ക് നൽകും.

കഴിഞ്ഞ വർഷമാണ് ജെസിഇടിയിലെ അഗ്രിക്കൾച്ചർ എൻജിനീയറിങ് വിദ്യാർത്ഥികൾ കൃഷിയിലെ യഥാർത്ഥ അനുഭവങ്ങൾ തേടിയുള്ള യാത്രക്ക് തുടക്കമിട്ടത്. കോളേജ് അങ്കണത്തിൽ പയറും വെണ്ടയും മത്തനും നട്ടായിരുന്നു കൃഷിയുടെ തുടക്കം. കുട്ടികളുടെ കാർഷിക ആവേശം കണ്ടറിഞ്ഞതോടെ കുണ്ടിൽ പാടത്തെ രണ്ടേക്കർ പാടം നെഹ്‌റു ഗ്രൂപ് വാങ്ങി നെൽകൃഷിക്കായി വിട്ടുനൽകി. പഠനത്തിന്റെ ഇടവേളകളിൽ കൃഷി നോക്കാനായി കുട്ടികൾ എത്തിയതോടെ അടുത്തുള്ള കർഷകരും ഹാപ്പിയാണ്. വകുപ്പ് മേധാവി ഡോ.ഇ.കെ കുര്യൻ , അസിസ്റ്റന്റ് പ്രൊഫസർമാരായ എൻ.സി സ്മേഘ ,കെപി ജിഷ്ണ, ലാബ് അസിസ്റ്റന്റ് കിരൺ കെ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button