വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയേയും തടവിലാക്കി യുഎസ്; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയേയും ഭാര്യയേയും തടവിലാക്കി യുഎസ് അമേരിക്കൻ സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്സാണ് ഇരുവരേയും തടവിലാക്കിയത്. യുഎസ് മിലിറ്ററിയുടെ തീവ്രവാദ വിരുദ്ധസേനയാണ് ഡെൽറ്റ ഫോഴ്സ്. മയക്കുമരുന്ന് സംഘങ്ങൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് മദുറോയെ തടവിലാക്കിയത്.
മദുറോയെ തടവിലാക്കിയ വിവരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. വെനസ്വേലയിൽ വൻ ആക്രമണം നടത്തി. നിക്കാളോസ് മദുറോയേയും ഭാര്യയേയും തടവിലാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണങ്ങളെ തുടർന്ന് വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവൻ സൈന്യത്തെ വിന്യസിച്ചതായി വെനസ്വേല പ്രതിരോധമന്ത്രി അറിയിച്ചു. അതേസമയം, വെനസ്വേലൻ പ്രസിഡന്റ് ജീവനയോടെയിരിപ്പുണ്ടെന്ന് തെളിയിക്കാൻ രേഖകൾ കൈമാറണമെന്ന് വെനസ്വേലൻ സർക്കാർ ആവശ്യപ്പെട്ടു.



