ഡാറ്റാ സെന്ററുകൾ ജലക്ഷാമത്തിന് കാരണമാകുന്നു; ന്യൂയോര്‍ക്കില്‍ എന്‍വിഡിയ തലവനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി

ന്യൂയോര്‍ക്ക് : പ്രമുഖ ടെക് കമ്പനിയായ എന്‍വിഡിയയുടെ സസ്റ്റൈനബിലിറ്റി വിഭാഗം തലവന്‍ ജോഷ് പാര്‍ക്കറും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും തമ്മില്‍ എഐയെച്ചൊല്ലി (നിര്‍മ്മിത ബുദ്ധി) രൂക്ഷമായ വാദപ്രതിവാദം. കഴിഞ്ഞ 23ന് ന്യൂയോര്‍ക്കില്‍ നടന്ന ക്ലൈമറ്റ് വീക്ക് ചര്‍ച്ചയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉള്‍പ്പടെയുള്ളവര്‍ ഐഎക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്.
ഇന്ത്യയിലെ വരള്‍ച്ചയെക്കുറിച്ചും എഐ സാങ്കേതികവിദ്യയുടെ വികസനത്തെക്കുറിച്ചുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംസാരിച്ച് തുടങ്ങിയത്. എന്‍വിഡിയ 1.5 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളിയെന്നും ഇതു കാരണം ഇന്ത്യയിലുള്ള തന്റെ കുടുംബം വരള്‍ച്ചയില്‍ ദുരിതം നേരിടുകയാണെന്നും വിദ്യാര്‍ത്ഥി കുറ്റപ്പെടുത്തി.
‘പാര്‍ക്കര്‍, ലജ്ജ തോന്നുന്നു, നിങ്ങള്‍ കാരണം എന്റെ കുടുംബം വരള്‍ച്ച മൂലം മരിക്കുകയാണ്. ഇനി എത്ര പേര്‍ മരിക്കണം എന്ന് വിദ്യാര്‍ത്ഥി തുറന്നടിച്ചു. പാനല്‍ ചര്‍ച്ച തടസ്സപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍, എഐ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വേഗത്തിലുള്ള വളര്‍ച്ച വലിയ തോതില്‍ ജല ഊര്‍ജ്ജ ഉപഭോഗത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചു.
ഡാറ്റാ സെന്ററുകളുടെയും എഐയുടെയും ഫലമായി ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങിനെ അവിടെ ഇരിക്കാന്‍ കഴിയുന്നു എന്ന് മറ്റൊരു പ്രതിഷേധക്കാരന്‍ ചോദിച്ചു. കമ്പനി 15 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ് പുറന്തള്ളുന്നത്. ഈ കോര്‍പ്പറേഷനുകളും ഡാറ്റാ സെന്ററുകളുമാണ് കാലാവസ്ഥാ ദുരന്തത്തിന് ഉത്തരവാദികള്‍ എന്നും പ്രതിഷേധക്കാരന്‍ ചൂണ്ടിക്കാണിച്ചു.
മഹാരാഷ്ട്രയില്‍ പല ഭാഗങ്ങളിലും കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ ഡാറ്റാ സെന്ററുകള്‍ വ്യാപിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ കടുത്ത ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
ഡാറ്റാ സെന്ററുകളുടെ ഓരോ മെഗാവാട്ട് ശേഷിക്കും പ്രതിവര്‍ഷം ഏകദേശം 2.5 കോടി ലിറ്റര്‍ വെള്ളം ആവശ്യമാണെന്ന് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ നാലില്‍ മൂന്ന് ഭാഗങ്ങളിലായുള്ള ഡാറ്റാ സെന്ററുകളും പ്രവര്‍ത്തിക്കുന്നത് കടുത്ത ജലക്ഷാമം നേരിടുന്ന ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു നഗരങ്ങളിലാണ്. 2027ഓടെ ആഗോള എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിവര്‍ഷം 420 കോടി മുതല്‍ 660 കോടി ക്യൂബിക് മീറ്റര്‍ വരെ വെള്ളം ഉപയോഗിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.



