സ്റ്റുഡന്റ്സ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് പൂട്ടിടാന്‍ പ്രത്യേക നിയമം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍; പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മൂന്നംഗ കമ്മിറ്റി . ഇനി തോന്നിയത് പോലെ യുകയിലേക്കും യൂറോപ്പിലേക്കും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഏജന്റുമാര്‍ക്ക് ആവില്ല;
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.ഗുണമേന്മയില്ലാത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്നതായും, അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു നിയമസഭയില്‍ പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് തോന്നിയ തുക വാങ്ങി വിദ്യാർഥികളെ കൊണ്ടുപോയി യൂണിവേഴ്സിറ്റികളുടെ കയ്യിൽ നിന്നും വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും തുക വാങ്ങി കൊള്ളലാഭം കൊയ്യുന്ന നിരവധി ഏജൻസികളേ പറ്റി പരാതി സർക്കാറിന് ലഭിച്ചതിനെ തുടർന്നാണ് നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്.
പലരും ഏജന്റുമാരുടെ തട്ടിപ്പിന് വിധേയരായിട്ടാണ് ഇത്തരം സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത്. ഇത്തരത്തിലെ കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള വിവിധ നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഒരു മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതായും മന്ത്രി സഭയെ അറിയിച്ചു. ഈ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള നിയമ നിര്‍മ്മാണവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.
ഇത്തരം കണ്‍സള്‍ട്ടന്‍സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, ഇവരുടെ ഫീസ് ഏകീകരിക്കുക തുടങ്ങിയ നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. ആര്. കെ. സുരേഷ് കുമാര്‍, അഡ്വക്കേറ്റ് ശ്രീരാം പറക്കാട്ട് എന്നിവര്‍ അംഗങ്ങളാണ്.