അന്തർദേശീയം

ശക്തമായ പ്രക്ഷോഭം, കർഫ്യൂ; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ രാജിവെച്ചു.

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജിവെച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി.

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണ പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചന്ന ജയസുമനയും പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയ്ക്ക് രാജിക്കത്ത് കൈമാറി.

രാജ്യവ്യാപകമായി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രസിഡന്റിന്റെ ഓഫീസിലേക്ക് ജനം ഇരച്ചുകയറി. പ്രക്ഷോഭകരെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിനിടെ ഇരുപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തുടർന്ന് സർക്കാർ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോട്ടബായ രാജപക്സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വ്യാപനവും ഇന്ധനവില വർധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്സ സർക്കാർ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ് ശ്രീലങ്കയിൽ. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണമേർപ്പെടുത്തുകയുണ്ടായി. പമ്പുകൾക്ക് മുന്നിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ പട്ടാളത്തെ ഇറക്കുകയും ചെയ്തു. ജനജീവിതം ഏറെക്കുറെ താറുമാറായ നിലയിലാണ്. രാജ്യത്തിന്റെ പല ഭാഗത്തും യുദ്ധസമാനമായ സാഹചര്യമാണുള്ളത്.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button