ദേശീയം

അമ്മയ്ക്കോ അച്ഛനോ വിദേശപൗരത്വം; കുട്ടിക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളിൽ ഒരാൾക്ക് വിദേശ പൗരത്വം ഉണ്ടെങ്കിൽ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. നിയമം കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതോടെ വിദേശങ്ങളിലുള്ള പലർക്കും അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും.

2023 ൽ പാസാക്കിയ പുതിയ പൗരത്വ നിയമം പ്രകാരം ഇന്ത്യയിൽ ജനിച്ച് ഇന്ത്യൻ പൗരത്വം നേടിയ കുട്ടികൾക്ക് പോലും അവരുടെ മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ പൗരത്വം നഷ്ടപ്പെടും. അഞ്ച് വർഷത്തേക്കാണ് മൈനറായ കുട്ടികൾക്കു പാസ്പോർട്ട് നൽകുന്നത്.

ഇന്ത്യൻ പൗരത്വ നിയമം (1955) എട്ടാം വകുപ്പിലെ സബ് സെക്ഷൻ ഒന്ന് പ്രകാരം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ പിതാവോ) പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമെന്ന് ഇതിൽ വ്യക്തമാക്കുന്നു. അതേസമയം മൈനർ പദവി തീരുന്ന മുറയ്ക്ക് നിർദിഷ്ട ഫോമിൽ ഇന്ത്യൻ പൗരത്വം തുടരാനാഗ്രഹിക്കുന്നുവെന്ന് അറിയിച്ചാൽ പൗരത്വം ലഭിക്കുമെന്നും നോട്ടിസിൽ പറയുന്നുണ്ട്.

ഈ വ്യവസ്ഥ രണ്ടാഴ്‌ച മുൻപാണ് കർശനമാക്കിയതെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കുന്നു. ലണ്ടനിൽ സ്ഥിരതാമസക്കാരായ മലയാളി കുടുംബം ഇളയ കുട്ടിയുടെ പാസ്പോർട്ട് പുതുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. കുട്ടിയുടെ മാതാവ് അടുത്തിടെ ബ്രിട്ടിഷ് പൗരത്വമെടുത്തിരുന്നു. ഇവർക്ക് ഓവർസീസ് ഇന്ത്യൻ സിറ്റിസൻ കാർഡുമുണ്ട്.

നിയമം കർശനമാക്കിയതായി വിദേശകാര്യമന്ത്രാലയവും ശരിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം സംബന്ധിച്ച നിയമങ്ങൾ
കാലാകാലം പുതുക്കുന്നത്. ഇതു സംബന്ധിച്ച നോട്ടിസ് ആഭ്യന്തര മന്ത്രാലയം ഇറക്കിയിരുന്നു.

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാനാഗ്രഹിക്കുന്നവർ
ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന
മുന്നറിയിപ്പോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ്.

അടുത്ത കാലത്ത് ഇന്ത്യൻ പൗരത്വമുപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സമീപകാലത്ത് വിദേശങ്ങളിലേക്ക് പൗരത്വം ഉപേക്ഷിച്ച് കുടിയേറിയതെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെൻ്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമം കർശനമാക്കാൻ തീരുമാനിച്ചത്.

ഈ നിയമം രാജ്യത്തെ ഭീകരതയെ നേരിടാൻ സഹായിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

എന്നാൽ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള വിവേചനവുമാണ് നിയമം നടപ്പാക്കുന്നതിലൂടെ പുറത്തുവരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button