കേരളം

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം ; വിമാനക്കമ്പനികളുമായി ചർച്ച നടത്തും

തിരുവനന്തപുരം – ഉത്സവ അവധി സീസണുകളിൽ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ ചാർട്ടേഡ്‌ വിമാനങ്ങളുടെ സാധ്യത പരിശോധിക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തും. ഇന്ത്യയിൽനിന്നുള്ള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽനിന്ന്‌ ചാർട്ടേഡ് വിമാനങ്ങൾ ലഭ്യമാണോ എന്നതും പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.

വിമാനക്കമ്പനികളുമായി ചർച്ച നടത്താൻ സിയാൽ എംഡിയെയും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയെയും യോഗം ചുമതലപ്പെടുത്തി. പ്രാഥമിക ചർച്ചകൾക്കുശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. കപ്പൽമാർഗമുള്ള യാത്രാസാധ്യതയും യോഗം വിലയിരുത്തി.
ഉത്സവ, അവധി സീസണുകളിൽ കേരളത്തിലേക്ക്‌ അമിത നിരക്ക് ഈടാക്കുന്ന വിഷയം ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്‌. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതുസംബന്ധിച്ച് വിലയിരുത്താനാണ്‌ യോഗം വിളിച്ചത്‌. പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാന ടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്‌ ബജറ്റിലും തുക വകയിരുത്തി. തുടർനടപടിയായാണ് അവലോകനയോഗം ചേർന്നത്.

യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, സിയാൽ എംഡി എസ് സുഹാസ്, കിയാൽ എംഡി ദിനേഷ് കുമാർ, നോർക്ക റൂട്ട്സ്‌ റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശേരി എന്നിവർ പങ്കെടുത്തു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button