ദേശീയം

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി സൂറത്ത് കോടതി; അയോഗ്യത തുടരും

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്‌റ്റേ നേടുന്നതിനായി രാഹുല്‍ നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളില്‍ സ്‌റ്റേ സമ്പാദിക്കുക എന്നത് രാഹുലിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

മാനനഷ്ടക്കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും തുടരും. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. രാഹുലിന്റെ സഭാംഗത്വം നഷ്ടമാകാതിരിക്കണമെങ്കില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് ഒരു മാസത്തിനകം സ്‌റ്റേ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഇനി അവശേഷിക്കുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിയ്‌ക്കേണ്ടത് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാന്‍ സാധിച്ചില്ലെങ്കില്‍ വയനാട് ഉടന്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്ക്ക് ഇളവ് ലഭിച്ചില്ലെങ്കില്‍ രാഹുലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതാണ് നിലവിലെ അവസ്ഥ.

കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നല്‍കുകയായിരുന്നു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button