മങ്കൊമ്പ് (ആലപ്പുഴ) > പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ഗാനരചയിതാവ്, നാടകരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേര് രാമൻ കുട്ടി, തത്സമയം ഒരു പെൺകുട്ടി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനമെഴുതി. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ് സംഗീതം പകർന്ന കേരനിരകളാടും എന്ന ഗാനരചനയിലൂടെ മലയാളികളുടെ മനം കവർന്ന ഗാനരചയിതാവായി.
ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി പാട്ടുകൾ രചിച്ചു. നേർക്കുനേരെ എന്ന ചിത്രത്തിന് കഥയെഴുതി. 1993ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹമായ ‘ജോണി’ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഏഷ്യാനെറ്റിൽ സുപ്രഭാതം പരിപാടിയുടെ അവതാരകനായിട്ടായിരുന്നു തുടക്കം. ‘തട്ടുംപുറത്തെ അച്യുതനാ’ണ് പാട്ടെഴുതിയ അവസാനചിത്രം. താരസംഘടന അമ്മ അടുത്തയിടെ ദുബായിൽ അവതരിപ്പിച്ച സ്‌റ്റേജ് ഷോയിൽ പഞ്ചഭൂതങ്ങളെ ആലേഖനം ചെയ്‌തവതരിപ്പിച്ച തീം സോങ് എഴുതിയതും ബീയാറാണ്. 50 വർഷത്തിനിടെ രചിക്കപ്പെട്ട കേരള തീം പാട്ടുകളിൽ തെരഞ്ഞെടുത്ത 10 പാട്ടുകളിലൊന്ന് ബീയാറിന്റെ കേരനിരകളാടും എന്ന ഗാനമാണ്.
ഗാനരചയിതാവ് എന്നതിനപ്പുറം നാടകരചയിതാവ്, സംവിധായകൻ, ആട്ടക്കഥ രചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സ്വാതി തിരുനാൾ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ മങ്കൊമ്പ് വൈഎംപിഎസി അവതരിപ്പിച്ച ഷഡ്കാല ഗോവിന്ദമാരാർ എന്ന നാടകത്തിലൂടെ ഏറ്റവും നല്ല രചയിതാവിനും സംവിധായകനുമുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ക്ഷേത്രകലകളെയും ആചാരങ്ങളെയും സംബന്ധിച്ച് ആഴത്തിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനാണ്.
അഷ്‌ടപദിയിലും പ്രാവീണ്യമുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. മങ്കൊമ്പ് മായാസദനത്തിൽ പരേതനായ ബാലകൃഷ്‌ണപണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് പഞ്ചായത്തഗം). മക്കൾ: ഇളപ്രസാദ്, കവിപ്രസാദ്.
ബീയാര്‍ പ്രസാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാര്‍ പ്രസാദിന്‍റെ വിയോഗം നമ്മുടെ സാംസ്കാരിക രംഗത്തിന് വലിയ നഷ്‌ടമാണ്. സന്തപ്‌ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശനത്തില്‍ പറഞ്ഞു.
യുവധാര ന്യൂസ്