യുപി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം; കൂട്ട അറസ്റ്റ്, ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടി. ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ജുമാ നമസ്ക്കാരത്തിന് ശേഷമാണ് സംസ്ഥാനത്ത് കലാപത്തിനുള്ള ശ്രമങ്ങൾ നടന്നത്. പൊലീസ് കൃത്യമായി ഇടപെട്ടതിനാൽ വൻ സംഘർഷമാണ് ഒഴിവായത്. പ്രയാഗ് രാജിൽനിന്ന് ആറുപേരെയും ഹത്രാസിൽനിന്ന് 50 പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൺപുർ (എട്ടു പേർ), അംബേദ്കർ നഗർ (28 പേർ), മൊറാദാബാദ് (25), ഫിറോസാബാദ് (25), ഫിറോസാബാദ് (എട്ട്) ജില്ലകളിലും അറസ്റ്റ് നടന്നു. പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളിൽനിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമികളെ തിരിച്ചറിഞ്ഞത്. ജില്ല ഭരണകൂടത്തിന്റെ സമാധാന ആഹ്വാനം തള്ളിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതെന്നും മുതിർന്ന പൊലീസ് ഓഫിസർ പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വെളളിയാഴ്ചയായതിനാൽ സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമാധാനപരമായി പ്രാർത്ഥന നടത്താൻ പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെയായിരുന്നു ആക്രമണങ്ങൾ. പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെയും ശക്തമായ ആക്രമണം നടത്തിയിരുന്നു.
യുവധാര ന്യൂസ്