പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ‘ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് യുഎസ്

വാഷിങ്ടൺ ഡിസി : ഇറാൻ-ഇസ്രയേൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തെവിടെയും ലക്ഷ്യം കാണാൻ ശേഷിയുള്ള ‘മിനറ്റ്മാൻ III’ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് യുഎസ്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസിൻറെ ഈ കരുത്തുപ്രകടനം എന്നത് ശ്രദ്ധേയമാണ്. ആണവായുധം വഹിക്കാൻ ശേഷിയുള്ള മിനറ്റ്മാൻ III മിസൈലിന് ഏകദേശം 6,000 മൈലിലധികം (9,660 കിലോമീറ്റർ) ദൂരപരിധിയുണ്ട്.
പരീക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈൽ പസഫിക് സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി യുഎസ് സൈന്യം അറിയിച്ചു. ഇത് പതിവ് പരീക്ഷണമാണെന്നും ലോകത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുന്നതിനിടെയുള്ള ഈ പരീക്ഷണം ശത്രുരാജ്യങ്ങൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. യുഎസിൻറെ ആണവപ്രതിരോധ ശേഷി സജ്ജമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദശകങ്ങളായി യുഎസിൻറെ തന്ത്രപ്രധാനമായ ആയുധശേഖരത്തിന്റെ ഭാഗമാണ് മിനറ്റ്മാൻ III മിസൈലുകൾ. ശീതയുദ്ധകാലത്ത് നിർമ്മിക്കപ്പെട്ട ഈ മിസൈൽ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം നടന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതിനിടെയുള്ള ഈ നീക്കം വലിയ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.



