അന്തർദേശീയം

റഷ്യൻ സൈനിക വിതരണ ശൃംഖല തകർക്കാൻ എഐ ഡ്രോണുകളുമായി യുക്രെൻ

കീവ് : അധിനിവേശ യുക്രെയ്നിലെ റഷ്യൻ സൈന്യത്തിന് ആഹാരവും ഇന്ധനവും യുദ്ധസാമഗ്രികളും എത്തിക്കുന്ന നിർണായക വിതരണ ശൃംഖലകൾ (സപ്ലൈ ലൈനുകൾ) തകർക്കാൻ എഐ സാങ്കേതികവിദ്യയുള്ള പുതിയ ഡ്രോണുകളുമായി യുക്രെയ്ൻ. മുൻനിരയിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനികർക്ക് ഇന്ധനവും ഭക്ഷണവും ആയുധങ്ങളും കിട്ടാതെ വലയ്ക്കുന്ന ‘ലോജിസ്റ്റിക്സ് ലോക്ക്ഡൗൺ’ തന്ത്രമാണ് യുക്രെയ്ൻ ഇപ്പോൾ സ്വീകരിക്കുന്നത്.

റഷ്യയിൽ നിന്ന് ക്രിമിയയിലേക്കും തെക്കൻ യുക്രെയ്നിലെ മറ്റ് അധിനിവേശ പ്രദേശങ്ങളിലേക്കും സാധനങ്ങളുമായി പോകുന്ന വലിയ ട്രക്കുകളും സൈനിക വാഹനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ വിതരണ വാഹനങ്ങൾക്ക് നേരെ നടന്ന 14 ഓളം വലിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ബിബിസി സ്ഥിരീകരിച്ചു. റഷ്യൻ അതിർത്തി മുതൽ അധിനിവേശ നഗരമായ മരിയുപോൾ വരെയുള്ള പ്രധാന പാതകളിലാണ് ഭൂരിഭാഗം ട്രക്കുകളും തകർക്കപ്പെട്ടത്.

മുൻപത്തെ അപേക്ഷിച്ച് കൂടുതൽ ദൂരത്തിലും കൃത്യതയിലും റഷ്യൻ ലക്ഷ്യങ്ങളെ ആക്രമിക്കാൻ യുക്രെയ്നെ സഹായിക്കുന്നത് എഐ സാങ്കേതികവിദ്യയുള്ള ‘ഹോർനെറ്റ്’ ഡ്രോണുകളാണ്. റഷ്യൻ പ്രതിരോധ സംവിധാനങ്ങളുടെ ജാമിംഗുകളെ പ്രതിരോധിക്കാൻ ഇവ സ്റ്റാർലിങ്ക് സാറ്റലൈറ്റ് നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്.

വിതരണ ശൃംഖല തകർന്നതോടെ റഷ്യൻ സൈന്യത്തിന് മുന്നോട്ട് നീങ്ങാനാകാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി റഷ്യൻ സൈന്യം ഇപ്പോൾ വലിയ കോൺവോയ് (സൈനിക വാഹനവ്യൂഹം) സംവിധാനങ്ങൾ ഒഴിവാക്കി കാട്ടുപാതകളിലൂടെയും വയലുകളിലൂടെയും ഒളിച്ചുകടക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button