ഒരിക്കൽപ്പോലും തോക്കു പിടിക്കാത്തവർക്കും യുദ്ധത്തിൽ ക്രാഷ് കോഴ്സുമായി യുക്രെയ്ൻ!
കീവ് • യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടങ്ങുന്നതിന് മുൻപ് ആൻഡ്രി സെൻകിവ് സമാധാനപ്രിയനും കായികപ്രേമിയും ജീവിതത്തിൽ തോക്ക് ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയുമായിരുന്നു. എന്നാൽ 11 ദിവസം കഴിഞ്ഞപ്പോൾ എങ്ങനെ റൈഫിൾ ഉപയോഗിക്കാമെന്ന് പരിശീലിപ്പിക്കുന്ന മുപ്പതംഗ സംഘത്തിന്റെ ഭാഗമാവുകയായിരുന്നു ആൻഡ്രി. ഫുട്‍ബോൾ താരങ്ങളും ഐടി വിദഗ്‌ധരും ഷെഫും ഉൾപ്പെടുന്നതായിരുന്നു ആ സംഘം.
‘ഇതെനിക്ക് വളരെ അദ്ഭുതകരമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു മുൻപ് അവസാനിക്കേണ്ടിയിരുന്ന ഒരു ശേഷി, അതാണ് ആയുധമെടുക്കൽ. ഇന്നും ആൾക്കാർ അത് തുടരുന്നു. അതിന്റെ ഡിമാൻഡ് ഉയർന്നുനിൽക്കുന്നു’- സെൻകിവ് പറയുന്നു. റഷ്യൻ സൈനികരെ വധിക്കാനോ യുദ്ധം ചെയ്യാനോ തയ്യാറാണോയെന്ന ചോദ്യത്തിന് സെൻകിവ് ഇങ്ങനെ മറുപടി നൽകി,’ ഞാൻ തയ്യാറായിരുന്നില്ല, പക്ഷെ ഞാനത് (യുദ്ധം) ചെയ്യും.’
സോവിയറ്റ് കാലത്തെ ഭരണഭൂമികയായ എൽവീവിൽവച്ചാണ് ട്രെയിനിങ് സംഘടിപ്പിച്ചത്. പരിശീലനം നടക്കുന്ന ആ കെട്ടിടം വോറിയേഴ്‌സ് ഹൗസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 2014ൽ റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മുഖചിത്രങ്ങൾ കൊണ്ട് കെട്ടിടത്തിന്റെ ഭിത്തി നിറച്ചിരിക്കുന്നു.
ഡെന്നീസ് കൊഹുത് എന്ന സൈനികനാണ് ട്രെയിനിങ് സംഘടിപ്പിക്കുന്നത്. ‘ഇപ്പോൾ പരിശീലനം നൽകുന്നവരിൽ 10 പേർക്കെങ്കിലും റഷ്യയ്‌ക്കെതിരെ പൊരുതാൻ സാധിച്ചാൽ ഈ പരിശീലനം വിജയമാണെന്ന് ഉറപ്പിക്കാം’- കൊഹുത് പറഞ്ഞു. ‘നിങ്ങളുടെ ഉപകരണം വളരെ ഭാരമുള്ളതാണ്. അതുകൊണ്ട് നിങ്ങൾ നേരെ നിന്നില്ലെങ്കിൽ ഭാരം താങ്ങാനാവാതെ നിലത്തു വീണേക്കാം’- സൈനികവിദ്യ അഭ്യസിക്കുന്നവരോട് കൊഹുത് ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
‘എനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ട്. എങ്ങനെ സ്വയം വെടിവയ്ക്കരുതെന്നും എങ്ങനെ സ്വന്തം രാജ്യത്തെ സൈനികർക്ക് നേരെ വെടിയുതിർക്കരുതെന്നും പഠിപ്പിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. റഷ്യയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതുമുതൽ ഒരു ലക്ഷത്തിൽ പരം യുക്രെയ്ൻ സൈനികരാണ് ആയുധമെടുക്കാമെന്നേറ്റു കടുത്ത പരിശീലനം തുടങ്ങിയത്. ആക്രമണം ഉണ്ടായാൽ എങ്ങനെ നിലത്തു സുരക്ഷിതമായി കിടക്കാമെന്നും എങ്ങനെ സ്വയം രക്ഷ നേടാമെന്നും യുക്രെയ്‌നികൾ പരിശീലിക്കുന്ന കാഴ്‌ചയാണ് അപ്പോൾ കാണാനായത്.
യുദ്ധത്തിൽ പങ്കെടുക്കാൻ പേരു നൽകിയ യറോസ്ളാവ് ദുർദ എന്ന ഐടി ഉദ്യോഗസ്ഥൻ യുദ്ധത്തിന് അറുതി വരുമെന്ന പ്രതീക്ഷ പുലർത്തുന്നു. നാറ്റോ ഇടപെടൽ ഉണ്ടാവുന്നെതിനെ കുറിച്ചു പ്രതികരിക്കുന്നു. യുദ്ധം തുടർന്നാൽ ഭാര്യയെയും എട്ടു വയസ്സുള്ള മകളെയും വെടിഞ്ഞു യുദ്ധത്തിന് പോവാൻ തയ്യാറെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ‘ഇത് ഞങ്ങളുടെ നാടാണ്. ഞങ്ങൾ വേണം അതിനെ സംരക്ഷിക്കാൻ.’
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
Follow this link to join my WhatsApp group: https://chat.whatsapp.com/CdxsEocWwoa34JHSPxPzBv