കേരളം

ഉക്രയ്‌നി‌‌ൽ കുടുങ്ങിയ മലയാളികളിൽ പകുതിയിലേറെയും തിരിച്ചെത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം> ഉക്രയ്‌നിൽ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്കു തിരികെ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഉക്രയ്നിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണു ഹംഗറിയിലേയും യുക്രെയിനിലേയും ഇന്ത്യൻ എംബസിയുടെ അറിയിപ്പ്. ഇതു മുൻനിർത്തി ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിൻറെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യാനുണ്ടെങ്കിൽ ഉടൻ അതു പൂർത്തിയാക്കണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്. ഉക്രയ്നിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്സ് ഇതിനോടം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിക്കഴിഞ്ഞു. ഇനിയും ആരെങ്കിലും നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ടെങ്കിൽ അടിയന്തരമായി അതു ചെയ്യണം. മലയാളികളുടെ വിവരങ്ങൾ കേന്ദ്രത്തിനു കൈമാറുന്നതിലേയ്ക്കാണിത്. ഇതിനു പുറമേ എംബസികൾ നൽകുന്ന നിർദേശങ്ങൾ സദാ ശ്രദ്ധിക്കുകയും കൃത്യമായി അവ പാലിക്കുകയും ചെയ്യണം. രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെങ്കിലും മലയാളികളടക്കം നിരവധി പേർ ഇപ്പോഴും ഉക്രയ്നിൽ കുടുങ്ങിക്കിടക്കുന്നതായാണു റിപ്പോർട്ടുകൾ. മലയാളികൾ ഏറെയുള്ള സുമിയിൽനിന്നുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് അടിയന്തര ശ്രദ്ധ നൽകണമെന്നു വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഇന്നു വൈകിട്ടു വരെയുള്ള കണക്കു പ്രകാരം, ഉക്രയ്നിൽനിന്നു ഡൽഹിയിലും മുംബൈയിലുമെത്തിയ 2082 മലയാളികളെ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഡൽഹിയിൽനിന്ന് ഇന്നു പുലർച്ചെ നാലിനു കൊച്ചിയിലെത്തിയ ചാർട്ടേഡ് വിമാനത്തിൽ 174 പേരും വൈകിട്ട് 6.45ന് എത്തിയ വിമാനത്തിൽ 180 പേരും ഉണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തിൽ എത്തിയ 132 പേരെ ഇന്നു കേരളത്തിലേക്ക് എത്തിച്ചു. ഇതിൽ 22 പേർ കോഴിക്കോട് വിമാനത്താവളത്തിലും 21 പേർ കണ്ണൂരിലും 89 പേർ കൊച്ചിയിലുമാണ് എത്തിയത്. ഇന്നു രാത്രിയും ഡെൽഹിയിൽനിന്നു കൊച്ചിയിലേക്കു ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മണിക്ക് പുറപ്പെട്ട വിമാനത്തിൽ 178 പേരുണ്ടായിരുന്നു. രാത്രി 11 മണിക്കുള്ള വിമാനത്തിൽ 180 പേർ പുറപ്പെടും. 82 പേർ ഇന്ന് കേരള ഹൗസിൽ താമസിക്കും. മുംബൈയിൽ എത്തുന്ന വിദ്യാർത്ഥികളെ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ച് അടിയന്തരമായി യാത്രയാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇരു വിമാനത്താവളങ്ങളിലും സംസ്ഥാന സർക്കാരിൻറെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ 24 മണിക്കൂറും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ഇത് വരെ 12 എയർ ഏഷ്യ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button