ഇറ്റലിയിൽ പണംനിറച്ച വാഹനം തട്ടിയെടുക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വെടിവെപ്പ്; രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

റോം : ഇറ്റലിയിൽ പണംനിറച്ച വാഹനം തട്ടിയെടുക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വെടിവെപ്പ്. ഇറ്റലിയുടെ തെക്കുഭാഗത്തുള്ള ഹൈവേയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സായുധരായ മോഷ്ടാക്കൾ പണവുമായി സഞ്ചരിക്കുകയായിരുന്ന കവചിത വാഹനമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടൽ മോഷ്ടാക്കളിൽ പരിഭ്രാന്തിയുണ്ടാക്കുകയും വെടിവെപ്പിൽ കലാശിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായതായി പോലീസ് അറിയിച്ചു. സ്വകാര്യ സുരക്ഷാ ഏജൻസിയായ ബാറ്റിസ്റ്റോളി(BTV)യുടെ കവചിത വാഹനമാണ് ആക്രമിക്കപ്പെട്ടത്. റോഡിൽ ഒരു വാഹനം കത്തിച്ച് ഗതാഗതം തടഞ്ഞതിന് ശേഷമാണ് മോഷ്ടാക്കൾ പണം നിറച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
ഇതിനുപിന്നാലെയാണ് ഇറ്റാലിയൻ സൈനിക പോലീസായ കരബനേറിയുമായി വെടിവെപ്പ് നടന്നത്. അക്രമികളുടെ ഒരു ബുള്ളറ്റ് പോലീസ് വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തട്ടി. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട.
കറുത്ത മാസ്‌ക് ധരിച്ച ആയുധധാരികളായ ആറുപേർ ആക്രമണത്തിന് പദ്ധതിയിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഗതാഗതം തടയാൻ മോഷ്ടാക്കൾ നിരവധി വാഹനങ്ങൾ ഉപയോഗിച്ചതായും, കവചിത വാഹനം നിർത്തിയിടാൻ ഒരു വാഹനം ബോംബ് വെച്ച് തകർത്തതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, കവർച്ച പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല.
സംഭവം നടന്നതിന് ശേഷം, രക്ഷപ്പെടുന്നതിനായി മോഷ്ടാക്കൾ യാത്രക്കാരുടെ കാറുകൾ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, സംശയങ്ങൾ ഒഴിവാക്കുന്നതിനായി അക്രമികൾ സാധാരണ പോലീസ് വാഹനങ്ങളെപ്പോലെ ഫ്‌ലാഷിംഗ് ലൈറ്റുകളുള്ള വാഹനങ്ങൾ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു.
ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ, ലെച്ചെയിലെ കരബനേറി കമാൻഡ് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനും, ഇവർക്ക് ഈ പ്രദേശത്ത് നടന്നിട്ടുള്ള മറ്റ് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോ എന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നും പോലീസ് അറിയിച്ചു.



