അന്തർദേശീയം

‘അടുത്ത ആക്രമണ ലക്ഷ്യം ക്യൂബ’ : ട്രംപ്

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ, അടുത്തതായി ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് അടുത്തതായി അമേരിക്ക ആക്രമിക്കാന്‍ പോകുന്ന രാജ്യം ട്രംപ് വെളിപ്പെടുത്തിയത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവില്‍ പ്രസംഗിക്കുന്നതിനിടെ, ഇറാനെതിരായ യുഎസ് ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷമാണ് ക്യൂബയെ കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്.

‘ക്യൂബയാണ് അടുത്തത്. പക്ഷേ ഞാന്‍ അത് പറഞ്ഞില്ലെന്ന് നടിക്കും. എങ്കിലും ക്യൂബയാണ് അടുത്തത്’- ട്രംപ് പറഞ്ഞു. ക്യൂബയുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ അത് ഒരു ദുരന്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.’ക്യൂബയ്ക്ക് എണ്ണയോ ഇന്ധനമോ ഇല്ലാത്തതിന്റെ കാരണം അവര്‍ക്ക് അത് സൗജന്യമായി വേണം എന്നതാണ്. അവരുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ ക്യൂബ ഒരു ദുരന്തമാണ്,’- റൂബിയോ പറഞ്ഞു.

ട്രംപും സഖ്യകക്ഷികളും ക്യൂബയില്‍ ഭരണമാറ്റത്തിന് നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കടുത്ത ഉപരോധമാണ് ക്യൂബ നേരിടുന്നത്. മുന്‍പ് ക്യൂബയെ പിടിച്ചെടുക്കാനും അമേരിക്കന്‍ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും ശ്രമിക്കുമെന്ന് ട്രംപ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഉപരോധം കാരണം ആരോഗ്യരംഗത്തും ഊര്‍ജ്ജ മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുകയാണ് ക്യൂബ. ക്യൂബയിലെ ജനങ്ങളുടെ ആരോഗ്യം എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആരോഗ്യ, സേവന വിതരണം നിലനിര്‍ത്താന്‍ രാജ്യം പാടുപെടുന്ന സാഹചര്യത്തില്‍ ക്യൂബയിലെ സ്ഥിതി വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉപരോധം കൊണ്ട് പ്രയാസപ്പെടുന്നതിനിടെ, ക്യൂബയ്ക്ക് സഹായവുമായി ആദ്യ ബോട്ട് ക്യൂബയില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button