അന്തർദേശീയം

ഒബാമയെയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച് വീഡിയോ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് ട്രംപ്

വാഷിങ്ടൺ ഡിസി : യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ എന്നിവരുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോ തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വ്യാപക വിമർശനം.

ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗത്ത് പശ്ചാത്തലമായി ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്.

2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്.

അതേസമയം രാജ്യത്തെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡന്റിനെയും പ്രഥമ വനിതയെയും വംശീയമായി അധിക്ഷേപിച്ചതിനെതിരെ പലരും രംഗത്തെത്തി. ബറാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടുത്ത സഹായിയുമായ ബെൻ റോഡ്‌സും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ചരിത്രത്തിലെ ഒരു “കറ”യായി അറിയപ്പെടുമെന്നും അദ്ദേഹത്തിന്റെ അനുയായികൾ വംശീയവാദികളാണെന്നും റോഡ്‌സ് ആരോപിച്ചു. ട്രംപിന്റെ കടുത്ത വിമർശകനും 2028ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആകാൻ സാധ്യതയുള്ളയാളുമായ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ഈ പോസ്റ്റിനെ ‘അറപ്പുളവാക്കുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്.

വിമര്‍ശനത്തിന് പിന്നാലെ, വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന്റെ പിഴവാണ് പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. ഒബാമ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button