ഇറാന് നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കോ ഉടമ്പടികള്‍ക്കോ തയ്യാറല്ലെന്നും നിരുപാധികമായ കീഴടങ്ങല്‍ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപിന്റെ അന്ത്യശാസനം.
ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താന്‍ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെങ്കില്‍, തകര്‍ച്ചയുടെ വക്കിലെത്തിയ ആ രാജ്യത്തെ സാമ്പത്തികമായി പുനര്‍നിര്‍മിക്കാന്‍ സഹായിക്കുമെന്നും ട്രംപ് പറയുന്നു.
ഇറാന് കീഴടങ്ങാന്‍ തയ്യാറായാല്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ആ രാജ്യത്തെ എന്നത്തേക്കാളും വലുതും ശക്തവുമാക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്’ എന്ന മുദ്രാവാക്യത്തിന് സമാനമായി ‘മേക്ക് ഇറാന് ഗ്രേറ്റ് എഗെയ്ന്’ എന്ന പുതിയ ലക്ഷ്യവും അദ്ദേഹം പങ്കുവെച്ചു.
പുതിയതും സ്വീകാര്യവുമായ നേതൃത്വം രാജ്യഭരണം ഏറ്റെടുത്താല്‍ മാത്രമേ ഈ സഹായങ്ങള്‍ ലഭ്യമാകൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇറാന് തലസ്ഥാനമായ തെഹ്റാനിലെ പ്രധാന കേന്ദ്രങ്ങളിലും ബെയ്റൂട്ടിലെ ഹിസ്ബുള്ള താവളങ്ങളിലും ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ശാസന.



