ഡെൻമാർക്ക് പൊതുതെരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് ഭരണതുടർച്ച പ്രതിസന്ധിയിൽ

കോപ്പൻഹേഗൻ : ഡെൻമാർക്ക് പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണസഖ്യം പ്രതിസന്ധിയിൽ. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 21.9% വോട്ടുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. 1903ന് ശേഷമുള്ള പാർട്ടിയുടെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണിത്. 179 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ട 90 സീറ്റുകൾ തികയ്ക്കാൻ ഫ്രെഡറിക്സന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ബ്ലോക്കിന് സാധിച്ചില്ല.
ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുണ്ടായ തർക്കത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെ ലഭിച്ച ജനപ്രീതി വോട്ടാക്കി മാറ്റാനാണ് ഫ്രെഡറിക്സൺ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, കൃഷി മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ ആഭ്യന്തര വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പ്രതിപക്ഷമായ വലതുപക്ഷ ബ്ലോക്കിനും (ബ്ലൂ ബ്ലോക്ക്) ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ല. നിലവിൽ ഇടതുപക്ഷ സഖ്യത്തിന് 84 സീറ്റുകളും വലതുപക്ഷത്തിന് 77 സീറ്റുകളുമാണുള്ളത്.



