മൈഗ്രന്റ് നഴ്‌സസ് അയർലണ്ടിന്റെ നഴ്‌സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്തംബർ 19ന് ഡബ്ലിനിൽ

ഡബ്ലിൻ : മൈഗ്രന്റ് നഴ്‌സസ് അയർലണ്ടിന്റെ നഴ്‌സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്തംബർ 19 ശനിയാഴ്ച ഡബ്ലിനിൽ നടക്കും. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (ഐഎൻഎംഒ) ആസ്ഥാനത്താണ് സമ്മേളനം. അയർലണ്ട് ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും.
റോയൽ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ബിജോയ് സെബാസ്റ്റ്യൻ, ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നിഹെ, അയർലണ്ടിലെ ഡെപ്യൂട്ടി ചീഫ് നഴ്‌സിങ് ഓഫീസർ ഗ്രോണിയ ഷീറാൻ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
അയർലണ്ടിൽ പ്രവാസി നഴ്‌സുമാർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന പ്രമേയം. വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ അയർലണ്ട് പൊലീസായ ഗാർഡയിലെ സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥൻ പങ്കെടുക്കും.
അയർലണ്ട് സർക്കാരിന്റെ സ്പെഷ്യൽ റാപ്പോർട്ടർ ഉപദേശകയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്റിറേസിസം ആൻഡ് ബ്ലാക്ക് സ്റ്റഡീസ് സ്ഥാപകയും യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ ലക്ചററുമായ ഡോ. എബൻ ജോസഫ്, ഐഎൻഎംഒ ഇന്റർനാഷണൽ സെക്ഷൻ ചെയർപേഴ്സൺ സിസ്റ്റർ ഹെലൻ ഉഗ്ബോം എന്നിവരും പാനൽ ചർച്ചയിൽ സംസാരിക്കും. ഐഎൻഎംഒ പ്രൊഫഷണൽ സർവീസ് നാഷണൽ ഡയറക്ടർ ടോണി ഫിറ്റ്സ്പാട്രിക്കാണ് മോഡറേറ്റർ.
പ്രവാസി നഴ്‌സുമാർ തൊഴിലിടത്തിലും പൊതുസമൂഹത്തിലും നേരിടുന്ന വംശീയ വിവേചനവും സുരക്ഷാ പ്രശ്നങ്ങളും അതിനെതിരെ സ്വീകരിക്കാവുന്ന നിയമപരവും സംഘടനാപരവുമായ നടപടികളും സമ്മേളനത്തിൽ പ്രധാന ചർച്ചയാകും.
ഇന്ത്യൻ സ്‌പൈസ് കിച്ചൻ കോർക്ക് ഒരുക്കുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായയും വിഭവങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികളും ലൈവ് മ്യൂസിക് ബാൻഡും ഉണ്ടായിരിക്കും.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ happydots.ie/nurses-conference വഴി പൂർത്തിയാക്കാം.
വേദിയിൽ സൗജന്യ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് ബസിലോ ട്രെയിനിലോ ഡബ്ലിനിലെത്തുന്നവർക്ക് നഗരത്തിലെ പ്രധാന ബസ്, ട്രെയിൻ സ്റ്റേഷനുകളിൽനിന്ന് സമ്മേളന വേദിയിലേക്കും തിരികെയും സൗജന്യ യാത്രാസൗകര്യവും ഒരുക്കും. ഈ സേവനം ആവശ്യമുള്ളവർ സംഘാടകരെ മുൻകൂട്ടി അറിയിക്കണം.
എല്ലാ പ്രവാസി നഴ്‌സുമാരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് ഭാരവാഹികൾ അഭ്യർത്ഥിച്ചു.



