റഷ്യൻ ഭീകരാക്രമണം : 11 അംഗ സംഘത്തിലെ നാല് അക്രമികൾ പിടിയിൽ; മരണം 143 ആയി

മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 143 ആയി. നിരവധിപേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു.
20 വർഷത്തിനുള്ളിൽ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമാണ് ഇത് . ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. കാറില്‍ സഞ്ചരിച്ച രണ്ട് പേരെ പിന്തുടര്ന്ന് പിടികൂടിയെന്നും റഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. കാറിലുണ്ടായിരുന്ന രണ്ട് പേര് കസ്റ്റഡിയിലാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ കാടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണ സംഘം പറയുന്നു. ബ്രയാന്‍സ്കില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്.