കേരളം

കേരളം കാത്തിരുന്ന വിധി: ആലുവയിലെ ബാലികയുടെ കൊലപാതകം; പ്രതിക്ക് വധശിക്ഷ

കൊച്ചി  :.  കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം നടന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിനാണ് പ്രതിയെ പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും മറ്റ് പോക്സോ വകുപ്പുകൾക്കുമായി 5 ജീവപര്യന്തവും പ്രതിക്ക് വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് 5 വർഷവും ജസ്റ്റിസ് ജുവനൈൽ വകുപ്പ് പ്രകാരം കുട്ടിക്ക് ലഹരി നൽകിയതിന് 3 വർഷവും തടവിന് ശിക്ഷിച്ചു
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ​കൊ​ല​പാ​ത​കം, പീ​ഡ​നം എ​ന്നി​വ അ​ട​ക്കം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​ര​മു​ള്ള 11 കുറ്റ​ങ്ങ​ളും പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ഞ്ച് കു​റ്റ​ങ്ങ​ളുമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ 13 കുറ്റങ്ങളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളും ശിക്ഷാവിധി കേൾക്കാനായി കോടതിയിലെത്തിയിരുന്നു.
കഴിഞ്ഞ ജൂലൈ 28നായിരുന്നു കേരളത്തെ നടുക്കിയ അഞ്ച് വയസുകാരിയുടെ കൊലപാതകം നടന്നത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ നിറഞ്ഞ ഭാ​ഗത്തുവച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കിൽ കെട്ടി മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ചു.

കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടിയെ കൊന്ന് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. കുട്ടിയുമായി ഇയാൾ പോകുന്ന സിസിടിവി ​ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസിൽ നിർണായകമായി.

സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി ജി മോഹൻരാജിനെ നിയമിച്ച്‌ റെക്കോഡ്‌ വേഗത്തിലായിരുന്നു തുടർനടപടികൾ. 35–-ാംദിവസം കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ നാലിന് വിചാരണ തുടങ്ങി. 26 ദിവസംകൊണ്ട് പൂർത്തിയാക്കി. 100 ദിവസത്തിനുള്ളിലാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button