യൂറോപ്യൻ യൂണിയൻ വാർത്തകൾ

അഞ്ചാം തവണയും പുടിന്‍, 2030 വരെ റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് തുടരും

സ്റ്റാലിന് ശേഷം ഏറ്റവും അധികം കാലം റഷ്യയുടെ ഭരണത്തിലിരിക്കുന്ന നേതാവാണ് പുടിന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും വിജയിച്ച് വ്‌ളാഡിമിര്‍ പുടിന്‍ അധികാരം നിലനിര്‍ത്തി. 87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്റെ വിജയം. സ്റ്റാലിന് ശേഷം ഏറ്റവും അധികം കാലം റഷ്യയുടെ ഭരണത്തിലിരിക്കുന്ന നേതാവാണ് പുടിന്‍. 2030 വരെ ആറ് വര്‍ഷം ഇനി പുടിന്‍ ഭരണം തുടരും.

പാശ്ചാത്യ ലോകത്തെ തള്ളി യുക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ നിക്കോളായ് ഖാരിറ്റോനോവ് നാല് ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ പുതുമുഖം വ്‌ളാദിസ്ലാവ് മൂന്നാമതും തീവ്ര നാഷണിലിസ്റ്റ് സ്ഥാനാര്‍ഥി ലിയോനിഡ് സ്ലറ്റ്‌സ്‌കി നാലാമതുമെത്തി.തെരഞ്ഞെടുപ്പ് തട്ടിപ്പിന് നിയമസാധുതയില്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യുഎസും യുകെയും പ്രതികരിച്ചു. പുടിന്‍ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നൂണ്‍ എഗെയ്ന്‍സ്റ്റ് പുടിന്‍ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ നടന്നു. ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ഭാര്യ യുലിയയും ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യയെ നയിക്കുന്നത് പുടിന്‍ ആണ്. 1999ല്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്‍ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തിന്റെ രണ്ടാമത്തെ പരമാധികാര കേന്ദ്രം ആദ്യമായി പുടിനെ തേടിയെത്തുന്നത്. 1999 ഡിസംബര്‍ 31 ന് യെല്‍റ്റ്‌സിന്‍ രാജിവച്ചതോടെ പുടിന്‍ ആക്ടിങ് പ്രസിഡന്റായി. മാസങ്ങള്‍ക്ക് ശേഷം 2000 മെയ് ഏഴിന് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും പുടിന്‍ ഭരണം തുടര്‍ന്നു. 2008 ല്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിന്‍ വീണ്ടുമെത്തി. 2012 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തി. പിന്നീട് പുടിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button