പ്രവാസി പ്രോക്സി വോട്ട്, ഇ-ബാലറ്റ് വാഗ്ദാനങ്ങൾ പാഴായി,തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും രണ്ടുവർഷമായി മൗനത്തിൽ
കൊച്ചി: വോട്ടുചെയ്യാൻ പ്രവാസികൾ ഇക്കുറിയും നാട്ടിലേക്ക് വിമാനം കയറേണ്ടിവരും. എൻ.ആർ.ഐകൾക്ക് ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാൻ പ്രോക്സി വോട്ട്, ഇ- ബാലറ്റ് നിദ്ദേശങ്ങൾ പരിഗണിച്ചെങ്കിലും പ്രായോഗിക പ്രശ്നങ്ങളാൽ മുന്നോട്ടുപോയില്ല. സുപ്രീംകോടതിയിൽ വിശദമായി പഠിച്ചു നടപടിയെടുക്കുമെന്ന് അറിയിച്ച തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും രണ്ടുവർഷമായി മൗനത്തിലാണ്.
പ്രവാസി വോട്ടവകാശം മുമ്പ് ജനപ്രാതിനിദ്ധ്യനിയമത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ദീർഘകാലത്തെ ആവശ്യത്തിനുശേഷം 2010ലാണ് പ്രവാസികൾക്ക് നേരിട്ടെത്തി വോട്ടുചെയ്യാമെന്ന ഭേദഗതി കൊണ്ടുവന്നത്. വോട്ടർപട്ടികയിൽ പേരുണ്ടാകണം, മറ്റ് രാജ്യങ്ങളിൽ പൗരത്വം പാടില്ല എന്നിവയാണ് നിബന്ധനകൾ. ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് പ്രവാസികൾ വർഷങ്ങളായി നിയമയുദ്ധത്തിലായിരുന്നു.
വോട്ടർക്കു പകരം വിശ്വസ്തനായ മറ്റൊരാൾ വോട്ടുചെയ്യുന്നതാണ് പ്രോക്സി വോട്ട്. പ്രത്യേക പോർട്ടലിൽ ഓൺലൈനായി വോട്ടുചെയ്യാകുന്ന പ്രക്രിയയാണ് ഇലക്ട്രോണിക് ബാലറ്റ്. 2022ൽ ഇതിന് മാർഗരേഖയുണ്ടാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പ്രവാസി വോട്ടർമാരുടെ ബാഹുല്യം കേന്ദ്രത്തെ കുഴക്കി.ഓൺലൈൻ വോട്ടു തട്ടിപ്പിനുള്ള സാദ്ധ്യത, അന്യദേശത്തുള്ളവരുടെ ഐഡന്റിറ്റി ഉറപ്പിക്കാനുള്ള ബുദ്ധിമുട്ട്, പ്രോക്സി വോട്ടിലെ തർക്കസാദ്ധ്യത എന്നിങ്ങനെ മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായി. ഇക്കാരണങ്ങളാണ് ഇ- ബാലറ്റ്, പ്രോക്സി തീരുമാനത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്.