എപ്സ്റ്റീന് ഫയൽസ് : അമേരിക്കയിലെ പ്രമുഖ അഭിഭാഷക കാതി റൂംലറും രാജി വെക്കുന്നു

വാഷിങ്ടൺ ഡിസി : ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്‍റെ തെളിവുകൾ പുറത്തുവന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപബാങ്കുകളിലൊന്നായ ഗോൾഡ്മാന്‍ സാക്സിലെ പ്രമുഖ അഭിഭാഷക കാതി റൂംലർ രാജി പ്രഖ‍്യാപിച്ചു. കാതി, എപ്സ്റ്റീന് മാർഗനിർദേശങ്ങൾ നൽകിയതിന്‍റെയും ഉപഹാരങ്ങൾ സ്വീകരിച്ചതിന്‍റെയും തെളിവുകൾ എപ്സ്റ്റീന്‍ രേഖയിലൂടെ പുറത്തുവന്നതോടെയാണ് രാജി.
യു.എസ് മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് കൗൺസിലറായി കാതി സേവനമനുഷ്ഠിച്ചിരുന്നു. ജൂൺ അവസാനത്തോടെ ചീഫ് ലീഗൽ ഓഫീസർ, ജനറൽ കൗൺസലർ സ്ഥാനങ്ങളിൽ നിന്ന് രാജി വെക്കുമെന്ന് കാതി വ്യാഴാഴ്ച അറിയിക്കുകയായിരുന്നു.
അതേ സമയം, വിവരം സ്ഥിരീകരിച്ച് ഗോൾഡാമാന്‍ സാക്സ് സി.ഇ.ഒ ഡോവിഡ് സോളോമാന്‍ രംഗത്തെത്തി. ഇത്തരത്തിൽ ഒരു സുപ്രധാന തീരുമാനം എടുത്ത കാതിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
” സേവനകാലം മുഴുവൻ, കാതി ഒരു അസാധാരണ ജനറൽ കൗൺസിലായിരുന്നു, സ്ഥാപനത്തിന് വേണ്ടിയുള്ള നിയമപരമായ കാര്യങ്ങളിൽ അവർ നൽകിയ സംഭാവനകൾക്കും ഉപദേശത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.
മേഖലയിലെ ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകളിൽ ഒരാളെന്ന നിലയിൽ, കാതി എല്ലാവരുടെയും ഉപദേഷ്ടാവും പ്രിയപ്പെട്ട ഒരു സുഹൃത്തുമായിരുന്നു, തീർച്ചയായും കാതിയെ ഞങ്ങൾ മിസ് ചെയ്യും.” സോളമന്‍ കൂട്ടിചേർത്തു.
എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്ന കാതി അയാൾക്ക് വേണ്ടി നിയമപരമായ സഹായം നൽകിയില്ലെന്ന് അറിയിച്ചു.
എപ്സ്റ്റീന്‍ രേഖയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഉന്നതരുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ ആളാണ് കാതി. രേഖയിൽ ഉൾപ്പെട്ടതോടെ കാബിനറ്റ് സെക്രട്ടറി ക്രിസ് വോർമൽഡ് രാജി വെക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പ്രഖ‍്യാപിച്ചിരുന്നു.
അതേ സമയം, കേസിലെ അഴിമതി അന്വേഷണത്തിന്‍റെ ഭാഗമായി നോർവെ മുൻ പ്രധാനമന്ത്രി തോർബ്‌ജോൺ ജാഗ്ലാൻഡിന്റെ സ്വത്തുവകകളിൽ വ്യാഴാഴ്ച പോലീസ് പരിശോധന നടത്തി.



