അന്തർദേശീയം

ബ്രിട്ടനിലും നഴ്‌സിങ് സമരം! ഏഴാമത്തെ യൂണീയനും സമരം പ്രഖ്യാപിച്ചു; വിന്റര്‍ തണുപ്പില്‍ നഴ്സുമാര്‍ പണിമുടക്കുമ്ബോള്‍ എന്‍ എച്ച്‌ എസ് ആശുപത്രികള്‍ നിശ്ചലമാകും

ശതമാനം ശമ്ബളം വര്‍ദ്ധിപ്പിക്കാനുള്ള സമരം തടയാന്‍ അവസാന വഴികള്‍ അടയുന്നു


ലണ്ടന്‍: എന്‍ എച്ച്‌ എസ് ജീവനക്കാരുടെ ഏഴാമത്തെ യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ വരുന്ന ശൈത്യകാലത്ത് എന്‍ എച്ച്‌ എസ് ആശുപത്രികള്‍ ഏതാണ്ട് നിശ്ചലമാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം അംഗങ്ങളും സമരത്തെ അനുകൂലിച്ചതോടെയാണ് യുണൈറ്റും സമരം പ്രഖ്യാപിച്ചത്. ബയോമെഡിക്കല്‍ ശാസ്ത്രജ്ഞരോടും സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് ഡെയ്ലി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതോടെ രക്ത പരിശോധ ഉള്‍പ്പടെയുള്ള പരിശോധനകളും നിലച്ചേക്കും.

പ്രതിവര്‍ഷം 130 മില്യണ്‍ രക്ത പരിശോധനകളാണ് എന്‍ എച്ച്‌ എസ് ഇംഗ്ലണ്ട് നടത്തുന്നത്. ഇതില്‍ ഭൂരിഭാഗവും അണുബാധ കണ്ടെത്താനും ജനിതക തകരാറുകള്‍ കണ്ടെത്താനുമൊക്കെ വേണ്ടിയുള്ളതാണ്. അതുപോലെ ചില അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനും പരിശോധനകള്‍ നടത്തുന്നുണ്ട്. സമരം മുന്‍പോട്ട് പോവുകയാണെങ്കില്‍ കടുത്ത ദുരിതങ്ങളായിരിക്കും ബ്രിട്ടീഷ് ജനതയെ കാത്തിരിക്കുന്നതെന്ന് ആരോഗ്യ രംഗത്തെ ചില പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

സമരത്തെ കുറിച്ചും ശമ്ബള വര്‍ദ്ധനവിനെ കുറിച്ചും ഗൗരവമായി ആലോചിക്കാന്‍ എം പിമാരും എന്‍ എച്ച്‌ എസ് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഒരു പക്ഷെ എന്‍ എച്ച്‌ എസ് സംവിധാനങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുന്നതില്‍ കൊണ്ടു ചെന്ന് എത്തിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നഴ്സിങ്, കൗണ്‍സലിങ്, സൈക്കോതെറാപി, ഡന്റല്‍ പ്രൊഫഷന്‍, മെയിന്റനന്‍സ്, അഡ്‌മിനിസ്ട്രേഷന്‍, ഐ സി ടി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന 1 ലക്ഷത്തോളം ജീവനക്കാര്‍ യുണൈറ്റില്‍ അംഗങ്ങളായി ഉണ്ട്.

ഇതിനുപുറമെ 20,000 ത്തില്‍ അധികം ഫിസിയോതെറാപിസ്റ്റുകള്‍ അംഗങ്ങളായിട്ടുള്ള ചാര്‍ട്ടേര്‍ഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിയും സമരത്തെ കുറിച്ച്‌ തീരുമാനമെടുക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, ഏകദേശം 14 ലക്ഷത്തോളം ജീവനക്കാരുള്ള എന്‍ എച്ച്‌ സില്‍ ഒന്‍പത് ലക്ഷം ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയോ, സമരം തീരുമാനിക്കുന്നതിനായി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോവുകയോ ആണ്.

സമരം നടക്കുകയാണെങ്കില്‍, അടിയന്തര സേവന വിഭാഗവും ജീവന്‍ രക്ഷാവിഭാഗവും പ്രവര്‍ത്തനം തുടരും എന്ന് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ചികിത്സകള്‍, ഔട്ട്പേഷ്യന്റ് കെയര്‍, മറ്റ് ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിവ മുടങ്ങും. കീമോതെറാപി, ഡയാലിസിസ്, ശസ്ത്രക്രിയകള്‍ എന്നിവയും മുടങ്ങിയേക്കാം. അതുപോലെ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരും പണിമുടക്കിന് ഇറങ്ങുകയാണെങ്കില്‍, എന്‍ എച്ച്‌ എസ് കെട്ടിടങ്ങളുടെ നില അതീവ ശോചനീയമാകും. ഐ ടി വിഭാഗവും പണിമുടക്കിയാല്‍, ഏതാണ്ട് മൊത്തം സേവനങ്ങളും നിലക്കുന്ന അവസ്ഥ സംജാതമായേക്കാം.

വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരങ്ങള്‍ നടക്കുന്നത് എന്നൊക്കെയായിരിക്കും എന്നകാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, ആര്‍ സി എന്‍ പ്രഖ്യാപിച്ച സമരം അടുത്ത മാസമായിരിക്കും എന്ന ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ സമരം ചെയ്താല്‍ പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ സമരക്കാരെ പിരിച്ചുവിട്ട് പകരം ജീവനക്കാരെ നിയമിക്കാനും ആകില്ല.

രാജ്യമാകമാനം കനത്ത ദുരിതം വിതയ്ക്കാന്‍ ഇടയുള്ള ഈ സമരം ഒഴിവാക്കുവാന്‍ സര്‍ക്കാരിന് അവസാന ഒരുഅവസരം കൂടി നല്‍കുകയാണ് എന്നാണ് യൂണിയനുകള്‍ പറയുന്നത്. എന്നാല്‍, പണപ്പെരുപ്പത്തേക്കാള്‍ 5 ശതമാനം കൂടുതല്‍ ശമ്ബള വര്‍ദ്ധനവ് വേണമെന്ന ആവശ്യത്തെ അനുകൂലിക്കാവുന്ന ഒരു സാഹചര്യമല്ല ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. അതുകൊണ്ടു തന്നെ സമരം ഒഴിവാക്കാന്‍ ആകാതെ വന്നേക്കാം എന്ന് കരുതുന്നവരും ഏറെയാണ്. ഏതായാലും ബ്രിട്ടനിലെ ഈ ശൈത്യകാലം ദുരിതപൂര്‍ണ്ണമായ ഒന്നായിരിക്കുമെന്ന് ഉറപ്പാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button