കേരളം

എം ബി രാജേഷ് പുതിയ മന്ത്രി; എ എൻ ഷംസീർ സ്‌പീക്കർ


തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്ക് സ്‌പീക്കർ എം ബി രാജേഷ് മന്ത്രിയാവും. എ എൻ ഷംസീറിനെ സ്‌പീക്കറായും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

തൃത്താലയിൽനിന്ന് അട്ടിമറി ജയം നേടിയാണ്‌ രാജേഷ് നിയമസഭയിൽ എത്തുന്നതും സ്‌പീക്കറാകുന്നതും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം‌. 2009ലും 2014ലും എംപിയായ രാജേഷ്‌ സാമ്പത്തികശാസ്ത്രത്തിൽ എംഎയും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്‌.‌

ബ്രിട്ടീഷ്‌ വിദേശകാര്യവകുപ്പ്‌ തെരഞ്ഞെടുത്ത മികച്ച ഏഴ്‌ പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള പുരസ്കാരം, മനോരമ ന്യൂസിന്റെ മികച്ച പാർലമെന്റംഗത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ചു. എട്ട്‌ പുസ്തകം പ്രസിദ്ധീകരിച്ചു. ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനാണ്‌. ഭാര്യ: ഡോ. നിനിത കണിച്ചേരി (കാലടി സംസ്‌കൃത സർവകലാശാല അസിസ്‌റ്റന്റ്‌ പ്രൊഫസർ). മക്കൾ: നിരഞ്ജന, പ്രിയദത്ത.

2011ൽ തലശേരി നിന്നും 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും ജയം നേടിയാണ്‌ എ എൻ ഷംസീർ നിയമസഭയിൽ എത്തിയത്. തലശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക്‌ തുടക്കമിടാനും പൂർത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത്‌ ഏറെ പ്രയാസം അനുഭവിച്ചതാണ്‌ ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്‌. റിട്ട. സീമാൻ പരേതനായ കോമത്ത്‌ ഉസ്‌മാന്റെയും എ എൻ സറീനയുടെയും മകൻ. ഡോ പി എം സഹലയാണ്‌ ഭാര്യ. മകൻ: ഇസാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button