അന്തർദേശീയംആരോഗ്യം

ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നുവെന്ന് റിപ്പോര്‍ട്ട്, ആശങ്കയോടെ ലോകം

ബെയ്‍ജിങ് : ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. അതേസമയം ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല. ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സ്ഥലമോ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബർ 16 മുതൽ 22 വരെയുള്ള വാരത്തിൽ അണുബാധകളുടെ വർധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധികൾ ബാധിക്കാൻ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കൻ ബിയാവോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളിൽ റിനോവൈറസ്, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉൾപ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് കേസുകൾ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആൻറിവൈറൽ മരുന്നുകൾ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button